തിരുവനന്തപുരം: സ്വകാര്യ സ്കൂളിലേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുവന്ന സ്കൂള്‍ ബസ് തിരുവനന്തപുരം പെരുമാതുറയില്‍ നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെ പെരുമാതുറയിലായിരുന്നു സംഭവം. ഒരു വാഹനത്തില്‍ അനുവദിക്കാവുന്ന അതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് രീതിയിലാണ് ബസ്സില്‍ കൊണ്ടുവന്നിരുന്നത്.
ദിവസങ്ങളായി ഇതേ രീതിയില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ട് പോവുന്നത് ശ്രദ്ധയില്‍ വന്നതോടെയാണ് രക്ഷകർത്താക്കള്‍ അടക്കമുള്ള നാട്ടുകാരുടെ നടപടി. സ്കൂളിൻ്റെ സമീപനത്തിനെതിരെ രക്ഷകർത്താക്കള്‍ പിടിഎ കമ്മിറ്റിയിലടക്കം പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ല. തുടർന്നാണ് പുതുക്കുറിച്ചി ഭാഗത്തു നിന്നും ചിറയിൻകീഴ് ശാർക്കരയിലെ സ്കൂളിലേക്ക് പുറപ്പെട്ട ബസ് നാട്ടുകാർ തടഞ്ഞിട്ടത്. അറുപതോളം പേരെയാണ് ഒരു ബസില്‍ കയറ്റിക്കൊണ്ടു പോകുന്നതെന്നും പരാതി പറഞ്ഞാല്‍ നിഷേധ സമീപനമാണ് മാനേജ്മെൻ്റ് സ്വീകരിക്കുന്നതെന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.