അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സദില്‍ അൻപതോളം കാറുകള്‍ വെള്ളക്കെട്ടില്‍ മുങ്ങിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പകർത്തിയ വീഡിയോയില്‍, താഴത്തെ പാർക്കിംഗ് ഏരിയ പൂർണമായും വെള്ളത്തിനടിയിലായതായി കാണാം. കാറുകളുടെ വിൻഡോ വരെ വെള്ളം ഉയർന്നിരിക്കുന്നു. കെട്ടിടത്തിന് പുറത്തുള്ള പരിസര പ്രദേശങ്ങളും പൂർണമായി വെള്ളത്തിനടിയിലാണ്.
ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലയായ വല്‍സദിനെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വല്‍സദിലെ ഉംബർഗാവ് താലൂക്കില്‍ വ്യാഴാഴ്ച രാവിലെ വരെയുള്ള 16 മണിക്കൂറിനുള്ളില്‍ 1100 മില്ലീമീറ്റർ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ഉംബർഗാവിന് പുറമെ വല്‍സദിലെ മറ്റ് പല താലൂക്കുകളിലും ഈ സമയപരിധിക്കുള്ളില്‍ 600 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴ ശക്തമായതോടെ പ്രദേശത്തെ ഔരംഗ, പാർ, ദമൻ ഗംഗ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയും വല്‍സദില്‍ വലിയ രീതിയിലുള്ള വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. സൂറത്ത് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടർന്ന് രണ്ടായിരത്തിലേറെ ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തെക്കൻ ഗുജറാത്തിലെ വല്‍സാദ്, നവ്സാരി, ഡാങ്സ്, സൂറത്ത്, താപി എന്നീ ജില്ലകളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഈ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും നിർദേശം നല്‍കിയിട്ടുണ്ട്. പ്രളയബാധിത ജില്ലകളില്‍ രക്ഷാപ്രവർത്തനവും ആശ്വാസ നടപടികളും വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കാനും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി മന്ത്രിമാർ പ്രളയബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.


