കൊച്ചി : പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്കിയ പുനഃപരിശോധനാ ഹർജികള്‍ ഹൈക്കോടതി തള്ളി.
കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവർ സമർപ്പിച്ച വിടുതല്‍ ഹർജികള്‍ ചോറ്റാനിക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജസ്റ്റിസ് ജി. ഗിരീഷ് അതു ശരിവച്ചു. ഇതോടെ ഹർജിക്കാർക്കെതിരായ കേസ് തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളാണ്. മേപ്പാടി ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട സ്ഥലത്തുനിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികള്‍, വനംവകുപ്പിന്റെ പാസുണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകള്‍ സ്വദേശി എം.എം. അലിയാർക്ക് വിറ്റെന്നാണ് കേസ്. വനംവകുപ്പ് കേസെടുത്തപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞതെന്ന് അലിയാർ വാദിച്ചു.
തടികള്‍ കൊണ്ടുപോകാൻ പ്രത്യേക പാസ് ആവശ്യമില്ലെന്നും അതിനാല്‍ വഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. നിയമം ലംഘിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നും വില്‍പ്പനയില്‍ പ്രഥമദൃഷ്ട്യാ വഞ്ചന നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഐ.പി.സി 420-ാം വകുപ്പ് പ്രകാരം കേസുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി.


