രണ്ടരവയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം; അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്‍ണി ടിജിന്‍ കസ്റ്റഡിയില്‍; കുട്ടി സ്വയം ഏല്‍പിച്ച പരിക്കല്ലെന്ന് ആവര്‍ത്തിച്ച് ഡോക്ടര്‍മാര്‍; തുടരുന്നു, ദുരൂഹത

കൊച്ചി: തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരില്‍ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും.

Advertisements

അതിനിടെ, കുട്ടിയുടെ അമ്മയും അമ്മൂമ്മയും രാത്രി ഒരു മണിയോടെ ആത്മഹത്യക്ക് ശ്രമിച്ചു. നേരത്തെയുള്ള നിര്‍ദ്ദേശപ്രകാരം സെക്യൂരിറ്റി നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഉടനടി കണ്ടെത്തി ചികിത്സ നല്‍കി. ഐസിയുവിലേക്ക് മാറ്റി. ഇരുവരും അപകട അവസ്ഥ തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയിലെവെയിറ്റിംഗ് റൂമിലെ ബാത്റൂമില്‍ കയറി ആണ് അമ്മ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചത്. ടോയ്‌ലറ്റിലേക്ക് പോയ അമ്മ അര മണിക്കൂറിനു ശേഷവും പുറത്തുവരാതെ ആയപ്പോള്‍ സംശയം തോന്നിയ സെക്യൂരിറ്റി നോക്കിയപ്പോഴാണ് ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ കൈയില്‍ ഒന്നിലധികം തവണ ബ്ലേഡ് കൊണ്ട് ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. പിന്നാലെ വെയിറ്റിംഗ് റൂമില്‍ കുട്ടിയുടെ അമ്മൂമ്മയും ഞരമ്പ് മുറിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അമ്മൂമ്മയുടെ കൈയിലുംകഴുത്തിനും ആണ് ഞരമ്പ് മുറിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടര്‍മാര് പറഞ്ഞു. കുട്ടി സ്വയം ഏല്‍പിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയര്‍ത്തി അതിശക്തമായി കുലുക്കിയാല്‍ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മകളെ ആരും ഉപദ്രവിച്ചതല്ലെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ടിജിന്‍ മകളെ അടിക്കുന്നതായി താന്‍ കണ്ടിട്ടില്ല. മകള്‍ക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു. അതേസമയം, കുട്ടിക്ക് മര്‍ദ്ദനമേറ്റതില്‍ ദുരൂഹത തുടരുകയാണ്. കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Hot Topics

Related Articles