ക്രൈം മാപ്പിംഗ് പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കം ആദ്യഘട്ടം 11 പഞ്ചായത്തുകളില്‍ ; ലക്ഷ്യം കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമം തടയാൻ

കോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെക്കെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന ക്രൈം മാപ്പിംഗ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വ്വഹിച്ചു. ആദ്യ ഘട്ടമായി ചെമ്പ്, മാഞ്ഞൂര്‍, വെളളൂര്‍, തിരുവാര്‍പ്പ്, വിജയപുരം, വാകത്താനം, ചിറക്കടവ്, മുണ്ടക്കയം, തലപ്പലം, മീനച്ചില്‍, എലിക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് ക്രൈം മാപ്പിംഗ് നടത്തുന്നത്. പ്രാദേശിക ഇടങ്ങളിൽ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തുക കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുക, പ്രശ്‌നങ്ങളെ കണ്ടെത്തുക, അതിക്രമങ്ങള്‍ നേരിടുന്നവരെ സഹായിക്കുക എന്നിവക്കായി നടത്തുന്ന പഠനഗവേഷണ പ്രവര്‍ത്തനമാണ് ക്രൈം മാപ്പിംഗ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുളള അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങളുടെ മാതൃകകള്‍ മാപ്പ് ചെയ്യാനും വിശകലനം ചെയ്യാനും നിയമ നിര്‍വ്വഹണ ഏജന്‍സികളിലെ വിശകലന വിദഗ്ദ്ധര്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് ക്രൈം മാപ്പിംഗ്. അയല്‍ക്കൂട്ടങ്ങളിലും ഓക്‌സിലറി ഗ്രൂപ്പുകളിലുമുള്ളവർക്കും ട്രാന്‍സ്ജന്‍ഡർ വിഭാഗത്തിൽപ്പെടുന്നവർക്കും ജീവിതത്തില്‍ നേരിടുന്ന അതിക്രമങ്ങള്‍ രഹസ്യ സ്വഭാവം ഉറപ്പാക്കി രേഖപ്പെടുത്തി നൽകാൻ അവസരമൊരുക്കും.

Advertisements

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ.ദിവാകര്‍ അധ്യക്ഷത വഹിച്ചു .കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കിയ സ്ത്രീപക്ഷ നവകേരളം കലണ്ടര്‍ പ്രകാശനവും ചടങ്ങില്‍ നടത്തി.
ജില്ലാ പ്രൊജക്ട് മാനേജര്‍ ഇ.എസ്. ഉഷാദേവി പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ അസ്സിസ്റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍ സ്വാഗതവും സ്‌നേഹിത കൗണ്‍സിലര്‍ ഡോ.ഉണ്ണിമോള്‍ നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ , ക്ഷേമകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, സെക്രട്ടറിമാര്‍, , സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍’ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles