കൈവിട്ട് ജനം, കയ്യാലപ്പുറത്ത് കോണ്‍ഗ്രസ്; മാധ്യമപ്രവര്‍ത്തകന്‍ സുധീപ് എസ് കടവല്ലൂര്‍ എഴുതുന്ന പരമ്പര

ഭാഗം-ഒന്ന്

Advertisements
സുധീപ് എസ് കടവല്ലൂര്‍

ന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ജനം കോണ്‍ഗ്രസിനെ വീണ്ടും കൈവിട്ടു. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മോദിയും അമിത്ഷായും കണ്ട സ്വപ്നത്തിലേക്ക് ഭാരതം ഒരു ചുവട് കൂടി അടുത്തു എന്ന് വേണം പറയാന്‍. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദി-ഷാ അച്യുതണ്ടിന്റെ ജന്മ ആഗ്രഹത്തിലേക്ക്, അവര്‍ പോലും അറിയാതെ കോണ്‍ഗ്രസ് തന്നെ ചുവട് വയ്ക്കുകയാണ്. ഇതിന് ജനത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്ന ഹൈക്കമാന്‍ഡുമാണ് പ്രധാന ഉത്തരവാദികള്‍. ഹൈക്കമാന്‍ഡിന് ഈ അവസരത്തില്‍ ലോ കമാന്‍ഡാകാനുള്ള സാധ്യത മാത്രമാണുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുപിയില്‍ പ്രിയങ്കഗാന്ധി കാടടച്ച് പ്രചരണം നടത്തിയെങ്കിലും 403സീറ്റുകളില്‍ വെറും നാല് സീറ്റ് മാത്രമാണ് വിജയിക്കാനായത്. ഒരുപക്ഷേ, യുപി ഭരിക്കുന്ന യോഗിയേക്കാളും മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിയേക്കാളും ഏറ്റവും കൂടുതല്‍ റാലി നടത്തിയത് പ്രിയങ്കഗാന്ധിയായിരുന്നു.

ഹസ്‌റത്പുര്‍, ലഖിംപുര്‍ തുടങ്ങി യോഗി ആദിത്യനാഥിന് പിഴച്ച എല്ലായിടത്തും ആദ്യം ഓടിയെത്തിയത് പ്രിയങ്കഗാന്ധിയായിരുന്നു. ഹസ്‌റത്പുര്‍ പീഡനമുണ്ടായപ്പോഴും ലഖിംപുര്‍ ദളിത് പീഡനം ഉണ്ടായപ്പോഴും പ്രിയങ്കഗാന്ധിയുടെ വരവ് യുപി മുഖ്യമന്ത്രി പേടിച്ചിരുന്നു. അവരെ അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുന്ന സ്ഥിതി വരെയുണ്ടായി. ആ സാഹചര്യത്തില്‍ യുപി രാഷ്ട്രീയത്തെ പ്രിയങ്ക ഇളക്കിമറിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പോലും കരുതിയിരുന്നിടത്ത് നിന്നാണ് കോണ്‍ഗ്രസിന്റെ ദയനീയ പരാജയം. ഇതില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത് രാഷ്ട്രീയമെന്നാല്‍ ജിമ്മിക്കുകളോ ട്വീറ്റുകളോ അല്ല, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലലാണ്.

യുപിയിലെ പാഴായ അധ്വാനം

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭം ഉത്തര യുപിയില്‍ സജീവമായപ്പോഴും അതിന്റെ അലയൊലികളൊന്നും ബിജെപിയെ ബാധിച്ചില്ല. ഒരു മാപ്പ് പറച്ചിലിലൂടെ മോദി ജനഹിതം തനിക്ക് അനുകൂലമാക്കി മാറ്റി. അതിനാല്‍ തന്നെ ഉത്തര യുപിയില്‍ ബിജെപിക്ക് കാലിടറിയില്ല. അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ടതോടുകൂടിയും വാരണാസിയില്‍ പോയി പൂജ ചെയ്ത് ഗംഗാസ്‌നാനം നടത്തിയതിലൂടെയും യുപിയിലെ 80 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടര്‍മാരുടെ മനസ്സിലേക്ക് മോദി കടന്ന് കയറുകയായിരുന്നു. ശക്തരായ ഭരണാധികാരികളായി മോദിയും യോഗിയും മാറുന്നതും ഇതുകൊണ്ടുതന്നെയാണ്.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ 80ഉം 20ഉം തമ്മിലുള്ള മത്സരമായിരിക്കുമെന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ മതപ്രതിനിധികളല്ല, അവര്‍ എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കണം. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ, യോഗിയും മോദിയും നിലകൊള്ളുന്നത് ഹിന്ദുത്വത്തിന് വേണ്ടി മാത്രമാണ്. അത് മനസ്സിലാക്കി, അതിനെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നുള്ളതാണ് അവരെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാക്കുന്നത്.

കോണ്‍ഗ്രസിനുള്ളില്‍ കലാപമുയര്‍ത്തിയ ജി 23 നേതാക്കള്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ് പോലും പോലും നേതൃത്വത്തിനില്ല. യുപിയില്‍ പ്രചരണത്തിനിറങ്ങിയത് പ്രിയങ്കഗാന്ധി മാത്രമായിരുന്നു. അതുവരെ തോളോട് തോള്‍ നിന്ന ജിതേന്ദ്ര മൗര്യ പോലും അവസരം ലഭിച്ചപ്പോള്‍ മറുകണ്ടം ചാടി. നേതാക്കന്മാരുടെ കൂറുമാറ്റം തടയാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല.

ഉത്തരാഖണ്ഡില്‍ ഉത്തരമില്ല

ഉത്തരാഖണ്ഡില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന് ഉത്തരം പോലും കിട്ടുന്നില്ല. ഉത്തരാഖണ്ഡിലെ ജനകീയ നേതാവായ ഹരീഷ് റാവുത്തിനെ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമുണ്ടായിരുന്നു. പക്ഷേ, ഹൈക്കമാന്‍ഡ് അത് ചെവിക്കൊണ്ടില്ല. ഹരീഷ് റാവുത്ത് ബിജെപിയിലേക്ക് പോകുമെന്നുള്ള ശ്രുതി പരന്നെങ്കിലും ഡല്‍ഹിയില്‍ എത്തിയശേഷം മാത്രമാണ് ഹൈക്കമാന്‍ഡിനെ കാണാന്‍ ജനകീയനും മുതിര്‍ന്ന നേതാവുമായ അദ്ദേഹത്തിന് കാത്തുനില്‍ക്കേണ്ടി വന്നു. ഇത് തന്നെയാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളിയും.

കോണ്‍ഗ്രസിന്റെ നേതൃത്വം ഇന്ന് കുടുംബാധിപത്യമായി മാറിയിരിക്കുകയാണ്. അമ്മ, മകന്‍, മകള്‍ അവിടെ കഴിഞ്ഞു നേതൃത്വം. മറ്റൊരാളെ കേള്‍ക്കാന്‍ അവര്‍ ഒരിക്കലും തയ്യാറല്ല. അവശേഷിക്കുന്നത് ഉപചാപക വൃന്ദമാണ്. ഇന്ന് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വെറും വയനാട് എംപിയായ രാഹുല്‍ ഗാന്ധിയാണ്. സംഘടനാതലത്തില്‍ അതിലുമെത്രയോ മുകളിലാണ് കെ.സി വേണുഗോപാല്‍..!

ക്യാപ്റ്റനെ വെട്ടി, കാലിടറി

പഞ്ചാബിലെ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയത്തിലും അപ്പുറമാണ്. ജനകീയ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റി നിര്‍ത്തി നവജ്യോത് സിംഗ് സിദ്ധു കളിച്ച കളിയിലാണ് കോണ്‍ഗ്രസിന് കാലിടറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അകാലിദള്‍- ബിജെപി സഖ്യത്തെ തോല്‍പ്പിച്ച് പഞ്ചാബില്‍ ഭരണം പിടിച്ചത് ക്യാപ്റ്റന്റെ മികവ് കൊണ്ടുമാത്രമാണ്. തങ്ങള്‍ക്ക് മുകളില്‍ ക്യാപ്റ്റന്‍ വളരുമോ എന്ന പേടി കാരണമാണ് രാഹുലും പ്രിയങ്കയും നവജ്യോത് സിംഗ് സിദ്ധുവിന്റെ കളിക്ക് കൂട്ടുനിന്നത്. ഫലമോ, ഏറ്റവും നല്ല അടിത്തറയുള്ള പഞ്ചാബും കൈവിട്ടു. ഇന്ന്, രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രം ഭരണമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ്‌ ഒതുങ്ങി. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 16 സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്ന പാര്‍ട്ടിക്കാണ് ഈ ദുര്‍ഗതി എന്നോര്‍ക്കണം, അവര്‍ തിരിച്ചുവരവിനും കഴിയാത്ത വിധം തകര്‍ന്നടിഞ്ഞു.


ഹിന്ദി ഹൃദയഭൂമിയാണ് ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. അതില്‍ തന്നെ ഏറ്റവുമധികം ലോക്‌സഭാമണ്ഡലങ്ങളുള്ള യുപി പ്രധാനമാണ്. യുപി പിടിച്ചാല്‍ ഇന്ത്യ പിടിക്കാം എന്നൊരു പറച്ചില്‍ തന്നെയുണ്ട്. അതിന്റെ ആദ്യ ചുവട് മോദിയും യോഗിയും വിജയകരമായി കയറി. ബിജെപിയുടെ വിജയത്തിലേക്കുള്ള ചുവടും കോണ്‍ഗ്രസിന്റെ ആസന്നമൃതിയിലേക്കുള്ള ചുവടും വേഗത്തിലാകുന്ന കാഴ്ച.

കോണ്‍ഗ്രസ് മുക്ത തെക്കേ ഇന്ത്യ

തെക്കേ ഇന്ത്യയുടെ കാര്യം നോക്കൂ, മോദി- അമിത് ഷാ കൂട്ടുകെട്ട് വിചാരിച്ചിരുന്നത് പോലെ തന്നെ ഇവിടമിപ്പോള്‍ കോണ്‍ഗ്രസ്മുക്ത തെക്കേ ഇന്ത്യയായി. കേരളം, തമിഴ്‌നാട്, ആന്ധ്ര, ഗോവ, കര്‍ണാടക, തെലങ്കാന തുടങ്ങി ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിനെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. 1984 ന് ശേഷം ഏതൊക്കെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടോ അവിടെയൊന്നും കോണ്‍ഗ്രസ് തിരിച്ചു വന്നിട്ടില്ല എന്ന കാര്യം വിസ്മരിക്കരുത്. ഇനി പ്രതീക്ഷ അടുത്ത കൊല്ലം നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളാണ്. പക്ഷേ ഇന്നത്തെ നിലവച്ച് നോക്കിയാല്‍ അവിടെയും വിജയം ബിജെപിക്ക് തന്നെയാവും.

കേവലം ഒരു സംസ്ഥാനത്ത് പോലും ഭരണമില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്ന കാലം വിദൂരമല്ല. ഈ വീഴ്ചയില്‍ നിന്നെങ്കിലും പാഠം ഉള്‍ക്കൊണ്ട് ജി 23 നേതാക്കന്മാര്‍ക്കും വിമത നേതാക്കന്മാര്‍ക്കും പറയാനുള്ളത് കേട്ട് കോണ്‍ഗ്രസ് മാറിയില്ലെങ്കില്‍ കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന മോദി-ഷാ സ്വപ്‌നത്തിലേക്ക് അധികം ദൂരമില്ല..!

Hot Topics

Related Articles