കാണക്കാരി: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന ബിനോയ് ചെറിയാന്റെ നാലാം ചരമവാർഷികം ആചരിച്ചു. യൂത്ത് കോൺഗ്രസ് കാണക്കാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണക്കാരി ചിറകുളത്തിന് സമീപം സംഘടിപ്പിച്ച സ്മൃതി സംഗമം ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.



കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ജനപ്രതിനിധി ആയിരുന്ന ബിനോയ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കോവിഡ് ബാധിച്ച് മരണപ്പെടുകയായിരുന്നു. 2018- 20 പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അനർട്ടിന്റെ പുരസ്കാരം കാണക്കാരി പഞ്ചായത്ത് നേടിയതാണ് അതിൽ ഏറ്റവും പ്രധാനം. ശോച്യാവസ്ഥയിലായിരുന്ന കാണക്കാരി ചിറക്കുളം നവീകരിച്ച് സംരക്ഷണഭിത്തി കെട്ടി ചുറ്റും നടപ്പാതയും പാർക്കും ഉൾപ്പെടെ സജ്ജീകരിക്കാനും ബിനോയിക്ക് സാധിച്ചു. പെഡൽ ബോട്ടുകൾ ഉൾപ്പടെ ക്രമീകരിച്ച് ചിറക്കുളം ഒരു ടൂറിസം- സാംസ്കാരിക കേന്ദ്രമായി മാറ്റണം എന്നത് ബിനോയിയുടെ സ്വപ്നമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ബിനോയുടെ നിര്യാണത്തോടെ ചിറക്കുളം പഴയ കാടുപിടിച്ച അവസ്ഥയിലേക്ക് തിരിച്ചു പോയി. കാണക്കാരിയിൽ കൃഷിഭവൻ അനക്സും ഹെൽത്ത് സെന്റർ അനക്സും സ്ഥാപിച്ചതും ബിനോയ് പ്രസിഡന്റ് ആയിരുന്ന കാലത്താണ്.
കോവിഡ് കാലത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ബിനോയ് നേരിട്ട് നേതൃത്വം നൽകിയ സമൂഹ അടുക്കളയും ഏറെ ശ്രദ്ധേയമായിരുന്നു. പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ബിനോയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭക്ഷണം നാനൂറിലധികം പേർക്കാണ് ഓരോ ദിവസവും എത്തിച്ചു നൽകിയത്.
2010-13 കാലഘട്ടത്തിൽ യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ നിരവധി സമര പോരാട്ടങ്ങൾക്കും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കുറവിലങ്ങാട് ജില്ലാ കൃഷിത്തോട്ടത്തിൽ ജില്ലാതല മാലിന്യ ഡമ്പിങ് യാർഡ് സ്ഥാപിക്കാനുള്ള പദ്ധതിക്കെതിരെ നടത്തിയ സമരം ആയിരുന്നു ഏറ്റവും ശ്രദ്ധേയം. യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് സർക്കാരിന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഡമ്പിങ് യാഡിനുവേണ്ടി കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ സയൻസ് സിറ്റി സ്ഥാപിച്ചിരിക്കുന്നത്.
ബിനോയ് ചെറിയാൻ ഓർമ്മ ദിനത്തിൽ സബർമതി ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അത്താഴവിതരണവും നടത്തി.
അനുസ്മരണ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജോ ലൂക്കോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യൻ കടുവാകുഴി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ജോസഫ്, കെഎസ്യു സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സക്കറിയാസ് സേവ്യർ രാജു പിച്ചകശ്ശേരി
തമ്പി ജോസഫ് , സാം കുമാർ , സൈജു കല്ലളയിൽ
അനീഷ് ചാത്തമല, ജിനു മുട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.