ദില്ലി: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അമേരിക്കൻ ആക്രമണത്തെ അപലപിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്ത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യു എസ് ആക്രമണത്തെ ശക്തമായി അപലപിച്ച സി പി എം ജനറൽ സെക്രട്ടറി, അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും വിമർശിച്ചു. ഇറാൻ ആണവായുധങ്ങൾ പിന്തുടരുന്നില്ലെന്ന യു എസ് ഇന്റലിജൻസ് റിപ്പോർട്ടടക്കം അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ബേബി ചൂണ്ടികാട്ടി.
ഇറാഖ് യുദ്ധ കാലത്തെ നുണകളെ ഇത് പ്രതിഫലിപ്പിക്കുന്നാണ്. ഇറാനിലെ അമേരിക്കൻ ആക്രമണം ആഗോളതലത്തിൽ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യയെയും ഇത് ബാധിക്കുമെന്നും സി പി എം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചെന്നും അമേരിക്കൻ നടപടിക്കെതിരെ സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നുവെന്നും ബേബി എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഇറാനെ നേരിട്ടാക്രമിച്ച അമേരിക്കയുടെ നടപടി ധീരമായ ഇടപെടലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇറാനിലെ ആക്രമണത്തിന്റെ വിശദാംശങ്ങൾ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ ഫോർദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. ആക്രമണം വിജയമാണെന്നും യുഎ സ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് നൽകിയിട്ടുണ്ട്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. മൂന്ന് കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും ആക്രമണം വലിയ സൈനിക വിജയമെന്നുമാണ് അമേരിക്ക വിശദമാക്കുന്നത്.
40 വർഷമായി ഇറാൻ അമേരിക്കയ്ക്ക് എതിരെ പ്രവർത്തിക്കുന്നു. ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയെന്നും ട്രംപ് വിശദമാക്കി. ഇറാൻ സമാധാനത്തിന് തയ്യാറാകണം ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ ഇറാനിൽ ആക്രമണം തുടങ്ങി പത്താം നാളിലാണ് യു എസും നേരിട്ട് പങ്കാളിയായത്. ഇതോടെ മേഖലയിലാകെ ആശങ്കയും ശക്തമായിട്ടുണ്ട്.