ന്യൂഡല്‍ഹി: ഡല്‍ഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകൻ സംഘടനയുടെ തലവനായ മസൂദ് അസറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന പരാമർശങ്ങളുമായി ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് കമാൻഡർ.ഡല്‍ഹി, മുംബൈ ആക്രമണങ്ങളില്‍ തങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാകിസ്താൻ ആവർത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് സംഘടനയുടെ മുതിർന്ന അംഗമായ മസൂദ് ഇല്യാസ് കശ്മീരിയില്‍ നിന്ന് ഇത്തരമൊരു സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
അഞ്ചു വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം ഇന്ത്യ മോചിപ്പിച്ച മസൂദ് അസറിന്റെ താവളം ബലാക്കോട്ട് ആയിരുന്നുവെന്നും മസൂദ് ഇല്യാസ് പറയുന്നു. 2019ല്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ബലാക്കോട്ട് ലക്ഷ്യമിട്ടിരുന്നു. പാകിസ്താനിലിരുന്നാണ് മസൂദ് അസർ ഇന്ത്യയ്ക്കെതിരേയുള്ള ആക്രമണങ്ങള്‍ നടത്തിയതെന്ന് മസൂദ് ഇല്യാസ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിഹാർ ജയിലില്‍നിന്ന് രക്ഷപ്പെട്ട് അമീറുള്‍ മുജാഹിദീൻ മൗലാന മസൂദ് അസർ പാകിസ്താനിലെത്തി. ബലാക്കോട്ട് അദ്ദേഹത്തിന്റെ ലക്ഷ്യവും ദൗത്യവും പദ്ധതിയും നടപ്പിലാക്കാനുള്ള വേദിയൊരുക്കി. ഡല്‍ഹിയിലും മുംബൈയിലും നടത്തിയ ആക്രമണങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെ ഭീതിയിലാഴ്ത്തി, മസൂദ് ഇല്യാസ് വീഡിയോയില്‍ പറയുന്നു. കൂടാതെ ഒസാമ ബിൻ ലാദനെ ആശയധാര രൂപപ്പെടുത്തിയ രക്തസാക്ഷി എന്ന് ഇയാള്‍ വിശേഷിപ്പിക്കുകയും ചെയ്തു.
തങ്ങളുടെ അതിർത്തിക്കുള്ളില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ഇല്ല എന്ന് ലോകത്തോട് പറഞ്ഞിട്ടും പാകിസ്താന്റെ സൈനിക-സുരക്ഷാ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജെയ്ഷെ ക്യാമ്ബുകള്‍ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു എന്ന ഇന്ത്യയുടെ ദീർഘകാലമായുള്ള വാദത്തെ ജെയ്ഷെ കമാൻഡറുടെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നു. ജെയ്ഷെയുടെ ബഹവല്‍പൂർ ആസ്ഥാനമായ ജാമിഅ മസ്ജിദ് സുബ്ഹാൻ അള്ളായില്‍ മേയ് ഏഴിന് നടന്ന ആക്രമണം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്നും ബോംബാക്രമണത്തില്‍ അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായും കശ്മീരി പറഞ്ഞതായുള്ള റിപ്പോർട്ടുകള്‍ ചൊവ്വാഴ്ച വന്നിരുന്നു.
ഇന്ത്യയ്ക്കെതിരായ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. സംഘടനയുടെ സ്ഥാപകനാണ് മസൂദ് അസർ. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, ഏഴ് സൈനികരുടെ ജീവനെടുത്ത 2016-ലെ പത്താൻകോട്ട്, 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുല്‍വാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കി. 2019 മേയ് ഒന്നിന് യുഎൻ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചു.
1968-ല്‍ പാക് പഞ്ചാബിലെ ബഹവല്‍പുരിലായിരുന്നു ജനനം. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തില്‍ സജീവമായിരുന്ന ഭീകരസംഘടനയായ ഹർക്കത്തുല്‍ അൻസാറിലൂടെയായിരുന്നു തുടക്കം. 1998-ല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. കശ്മീരില്‍ ഭീകരവാദപ്രവർത്തനം നടത്താൻ ഹർക്കത്തുലിന്റെ പിന്തുണയുണ്ടെന്ന് 1998-ല്‍ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തി. പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് 2001-ല്‍ ഇന്ത്യയുടെ ആവശ്യപ്രകാരം അസറിനെ പാകിസ്താൻ അറസ്റ്റുചെയ്തെങ്കിലും ഒരു വർഷത്തിനുശേഷം വിട്ടയച്ചു.
മസൂദ് അസർ ഇപ്പോഴും പാകിസ്താനിലുണ്ടെന്നാണ് വ്യാപകമായി കരുതപ്പെടുന്നതെങ്കിലും തെളിവുകളില്ല. മറ്റൊരു നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ തലവൻ ഹാഫിസ് സയീദിനെയും അസറിനെയും കൈമാറാൻ ഇന്ത്യ പാകിസ്താനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവർ അജ്ഞത നടിക്കുകയായിരുന്നു. ജൂലായില്‍ അല്‍ ജസീറയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ അസർ അഫ്ഗാനിസ്ഥാനിലായിരിക്കാമെന്ന് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സൂചിപ്പിച്ചിരുന്നു.


