കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സ്ഥലംമാറ്റിയ ജീവനക്കാർക്ക് തിരികെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നിയമനം.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഗ്രേഡ് വണ്‍ അസിസ്റ്റന്റ്മാരായ ആസ്യ, ഷൈനി, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ, ഷനൂജ നഴ്സിങ് അസിറ്റന്റ് പ്രസീത എന്നിവരെ സസ്പെൻഡ് ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയുമായിരുന്നു.
ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്. ഇവരെയാണ് കോഴിക്കോട് എംസിഎച്ച്, ഐഎംസിഎച്ച്, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി പുനർനിയമിച്ചത്. ഇവിടെ ഒഴിവുകളില്ലാതിരുന്നിട്ടും നിയമനം നടത്തിയെന്നും ആരോപണം ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാരൻ എം.എം. ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി സഹപ്രവർത്തകരില്‍ ചിലർ യുവതിയെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീർക്കണമെന്നും സി.ആർ.പി.സി.-164 പ്രകാരം മജിസ്ട്രേറ്റിനും പോലീസിനും ആശുപത്രിയധികൃതർക്കും നല്കിയ മൊഴി കളവാണെന്നുപറയണമെന്നും ഇവർ അതിജീവിതയെ നിർബന്ധിച്ചെന്നുമായിരുന്നു പരാതി. ഇതു സംബന്ധിച്ച് യുവതി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.


