തിരൂർ :ഓണക്കാലമായിട്ടും പഴത്തിന് ആവശ്യക്കാരില്ലാത്തത് വ്യാപാരികളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ചിങ്ങം ആരംഭിച്ചിട്ടും നേന്ത്രപ്പഴം ഉൾപ്പെടെ പല വക പഴങ്ങൾക്കും ആവശ്യക്കാരില്ലാത്ത സ്ഥിതിയാണ്.
സാധാരണയായി ഈ സമയത്ത് നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 65 രൂപയെങ്കിലും വില കിട്ടാറുണ്ടെങ്കിലും ഇപ്പോൾ മൊത്തവിൽപന നിരക്ക് 37 മുതൽ 40 രൂപ വരെയേ ഉള്ളു.ചിപ്സ് വിപണിയിൽ വെളിച്ചെണ്ണവില വർധിച്ചതോടെ ഉണ്ടായ മാന്ദ്യമാണ് പഴവിപണിയെയും ബാധിച്ചതെന്ന് വ്യാപാരികൾ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 9ന് 50 രൂപയായിരുന്ന വില ഇപ്പോൾ 48 രൂപയായി കുറഞ്ഞു. ചെറുപഴം മൊത്തവിൽപനയ്ക്ക് 28–30 രൂപ, ചില്ലറയ്ക്ക് 40 രൂപ; റോബസ്റ്റ പഴത്തിന് 35 രൂപയോളം വിലയിലാണ് വിൽപ്പന.പഴങ്ങൾ കൂടുതലും കർണാടകയിൽ നിന്നാണ് എത്തുന്നത്. മുൻപ് വയനാട്, പാലക്കാട്, ഗൂഡല്ലൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു ഓണക്കാലത്തേക്കുള്ള പ്രധാന വിതരണം.
ഇപ്പോഴും പാലക്കാട് കുമ്പിടി ഭാഗത്തുനിന്ന് നാടൻ കുലകൾ വിപണിയിലെത്തുന്നു.ഞാലിപ്പൂവൻ പഴത്തിനാണ് വിപണിയിലെ ഏറ്റവുമധികം വില. കിലോയ്ക്ക് 80 രൂപ വരെ വിലയിട്ടാണ് ചില്ലറ വിൽപ്പന. എന്നാൽ ഉൽപാദനം കുറഞ്ഞതിനാൽ ഇപ്പോൾ 1000 കുലകൾ എത്തിയിരുന്നിടത്ത് 100 കുലകൾ മാത്രമേ വരുന്നുള്ളു. ഇതാണ് വില ഉയരാൻ കാരണം.