തിരുവനന്തപുരം:ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത തിരിച്ചടിയായി കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി 9,315 രൂപയായി. ഓഗസ്റ്റ് 11ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പവൻവില 800 രൂപ വർധിച്ച് 74,520 രൂപയിലെത്തി.
പണിക്കൂലി, നികുതി തുടങ്ങിയ ചെലവുകൾ ചേർത്ത് ഇന്നത്തെ വാങ്ങൽവില ഗ്രാമിന് 10,081 രൂപയാണ്. അതായത്, ഒരു പവൻ ആഭരണം വാങ്ങാൻ 80,650 രൂപയ്ക്കടുത്തും നൽകേണ്ടിവരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി 3 മുതൽ 35 ശതമാനം വരെയാകാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിലക്കുതിപ്പിന് പിന്നിൽ അമേരിക്കയിലെ സാമ്പത്തിക സ്ഥിതിയാണ്. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ സെപ്റ്റംബറിൽ പലിശനിരക്ക് കുറയ്ക്കാമെന്ന സൂചന ജാക്സൺ ഹോൾ സിംപോസിയത്തിൽ നൽകിയതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ പൊൻ വില ഉയർന്നത്. പലിശ കുറഞ്ഞാൽ ഡോളറിനും ബോണ്ടിനും തിരിച്ചടിയാകുന്നതിനാൽ സ്വർണത്തിനാണ് പ്രയോജനം ലഭിച്ചത്.രാജ്യാന്തര വിപണിയിൽ ഇന്ന് ഔൺസിന് 34 ഡോളർ ഉയർന്ന് 3,372 ഡോളറിൽ എത്തി. യുഎസ് ഡോളർ ഇൻഡക്സ് 98.82ൽ നിന്ന് 97.73 ആയി ഇടിഞ്ഞതും വില വർധനയ്ക്ക് കാരണമായി.
വില ഇനിയും കൂടുമോ?
രാജ്യാന്തര വില 3,400 ഡോളർ കടന്നാൽ കേരളത്തിൽ പവൻവില വീണ്ടും 75,000 കടന്ന് മുന്നേറുമെന്നാണു വിലയിരുത്തൽ. രൂപയുടെ മൂല്യത്തകർച്ചയും വിലക്കയറ്റത്തിന് കൂട്ടായാകും. ഈ മാസം എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് കേരളത്തിലെ സ്വർണവിലയുടെ റെക്കോർഡ്.