കോഴിക്കോട്: ആറരവർഷം മുൻപ് കാണാതായ യുവ ഇലക്ട്രീഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ എരഞ്ഞിപ്പാലം സരോവരത്തിനടുത്തുള്ള കണ്ടല്ക്കാടിനോടു ചേർന്ന ചതുപ്പില്‍ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.രാവിലെ മുതലുള്ള തിരച്ചിലിന് കനത്തമഴയും ചെളി നിറഞ്ഞ ആഴത്തിലുള്ള ചതുപ്പുമാണ് പ്രതിസന്ധിയായത്. വെള്ളം മോട്ടോര്‍ വെച്ച് പുറത്തെടുത്തു, ആളുകളെ ഇറക്കി പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. മണ്ണുമാന്തി കൊണ്ടുവന്നപ്പോഴും യന്ത്രം ചെളിയിൽ മുങ്ങിയതിനാൽ ഹൈഡ്രോളിക് പ്രൊക്ളെയ്നര് എത്തിച്ച് പരിശ്രമം തുടർന്നുവെങ്കിലും നേട്ടമൊന്നും ലഭിച്ചില്ല.
തിരച്ചിൽ വ്യാഴാഴ്ചയും തുടരും.വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപടിക്കൽ വീട്ടില്‍ വിജിൽ (29) മരിച്ചതിന് ശേഷം മൃതദേഹം ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തിയെന്ന പ്രതി കെ.കെ. നിഖിലിന്റെ മൊഴിയെ തുടര്‍ന്നാണ് തിരച്ചിൽ നടത്തിയത്.2019 മാർച്ച് 24-ന് ബ്രൗൺഷുഗർ അമിത അളവിൽ കുത്തിവെച്ചതാണ് വിജിലിന്റെ മരണകാരണമെന്ന് പ്രതികൾ സമ്മതിച്ചു. പിറ്റേന്ന് മൃതദേഹം ചതുപ്പിൽ അടിച്ചുമൂടിയെന്നും, രണ്ടുദിവസത്തിന് ശേഷം കൂടുതൽ കരിങ്കൽ വെച്ചെന്നും, എട്ടുമാസത്തിന് ശേഷം അസ്ഥിക്കഷണങ്ങൾ എടുത്ത് മരണാനന്തരകർമം വരയ്ക്കല്‍ കടപ്പുറത്ത് നടത്തിയെന്നും പ്രതി മൊഴിനല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണം
വിജിലിന്റെ കാണാതാകലിന് പിന്നാലെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ റെക്കോർഡാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കാണാതായ ദിവസം ഉച്ചയ്ക്ക് ശേഷം ഫോൺ ഓഫ് ആയിരുന്നു. എന്നാല്‍ പിറ്റേന്ന് ഉച്ചയ്ക്ക് എത്തിയ ഒരു സന്ദേശത്തിന്റെ ടവർ ലൊക്കേഷൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തി. ഇത് പ്രതികളുടെ മൊഴിയുമായി പൊരുത്തപ്പെടാത്തതിനാൽ സംശയം ശക്തമായി.വിജിലിന്റെ അച്ഛൻ എൻ.പി. വിജയൻ നല്കിയ മൊഴിയും അന്വേഷണത്തിൽ നിർണായകമായി. ഏറെ അടുത്ത ബന്ധമുണ്ടായിരുന്നിട്ടും പ്രതികൾ ഒരിക്കൽപോലും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാത്തതും, “വിജിൽ താമസിയാതെ വരും” എന്ന ആവർത്തന മറുപടിയും പോലീസിന് സംശയത്തിന് ഇടയായി.
പ്രതികൾ
കേസില്‍ കെ.കെ. നിഖിൽ (35, വാഴതിരുത്തി), രഞ്ജിത്ത് (36, പൂവാട്ടുപറമ്പ്), എസ്. ദീപേഷ് (37, വേങ്ങേരി) എന്നിവർക്കെതിരെ എലത്തൂർ പോലീസ് കേസെടുത്തു. ഇവരിൽ രഞ്ജിത്തിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളുടെ മൊഴിയനുസരിച്ച് വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷനടുത്ത് കുറ്റിക്കാട്ടിൽ നിന്ന് പോലീസ് മുമ്പേ കണ്ടെത്തിയിരുന്നു.
തിരച്ചിൽ സന്നാഹം
കോഴിക്കോട് താലൂക്ക് തഹസിൽദാർ എ.എം. പ്രേംലാലിന്റെ നേതൃത്വത്തിൽ, മെഡിക്കൽ കോളേജിലെ ഫൊറൻസിക് മെഡിസിൻ വിഭാഗവും പോലീസ് സർജനുമാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾ (എക്സ്ഹ്യുമേഷൻ) മേൽനോട്ടം വഹിച്ചത്.ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. അഷ്റഫ്, സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണറുടെ ചുമതലയിലുള്ള കെ.എ. ബോസ്, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, പോലീസ് ഫൊറൻസിക് സയന്റിഫിക് ഓഫീസർമാർ എന്നിവരുള്‍പ്പെടെ വലിയ സന്നാഹം തിരച്ചിലിനൊപ്പമുണ്ടായിരുന്നു. പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും ഇരുന്നൂറുമീറ്റർ ചുറ്റളവിൽ തടഞ്ഞു.