നേപ്പാൾ: ദേശീയ സുരക്ഷയുടെ പേരിൽ നടപ്പാക്കിയ സമൂഹമാധ്യമ നിരോധനം നേപ്പാൾ സർക്കാർ പിൻവലിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് അടക്കം ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ തലസ്ഥാനത്ത് തുടങ്ങിയ യുവജനങ്ങളുടെ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമായതിനെ തുടർന്നാണ് സർക്കാർ തീരുമാനം.പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടു.
നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായപ്പോൾ സർക്കാരിന് നിരോധനം പിന്വലിക്കാതെ വയ്യെന്ന സാഹചര്യം ഉണ്ടായി.കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനാലാണ് മെറ്റയ്ക്കും (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ്), ആൽഫബെറ്റിനും (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജിസ്ട്രേഷൻക്കായി കഴിഞ്ഞ ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നെങ്കിലും നിർദ്ദേശിച്ച രേഖകൾ സമർപ്പിക്കാത്തതാണ് വിലക്കിന് കാരണമായത്.എന്നാൽ ടിക് ടോക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവ നിർദ്ദേശാനുസൃതമായി രജിസ്റ്റർ ചെയ്തതിനാൽ രാജ്യത്ത് പ്രവർത്തനക്ഷമമാണ്.സോഷ്യൽ മീഡിയ നിരോധനത്തിന് പിന്നിൽ “അഴിമതിയും ദുർഭരണവും മറച്ചുവയ്ക്കാനുള്ള ശ്രമമാണിത്” എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
നേപ്പാളിലെ ഫേസ്ബുക്ക് ഉപയോക്താക്കൾ ഏകദേശം 1.35 കോടിയും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ 36 ലക്ഷത്തോളവുമാണെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങൾ നിരവധി പേർ തൊഴിലും ബിസിനസിനും ആശ്രയിക്കുന്ന സാഹചര്യത്തിൽ, നിരോധനം വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.