തിരുവനന്തപുരം:ഓണക്കാല തിരക്ക് കെഎസ്ആർടിസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സമ്മാനിച്ചു. തിങ്കളാഴ്ച മാത്രം 10.19 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് സ്വന്തമായത്. ഒരു ദിവസത്തിനുള്ളിലെ കളക്ഷനിൽ ഇതാദ്യമായാണ് 10 കോടി രൂപയുടെ ഭീമൻ കണക്കിലെത്തുന്നത്.കേരളത്തിനകത്തും പുറത്തും നിന്നും വരുന്ന യാത്രക്കാരുടെ തിരക്കാണ് റെക്കോർഡിന് പിന്നിലെ പ്രധാന കാരണം.2024 ഡിസംബർ 23-ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപയാണ് ഇതുവരെ ഏറ്റവും ഉയർന്ന വരുമാനമായി രേഖപ്പെടുത്തിയിരുന്നത്. അതിനെയും 2024 സെപ്റ്റംബർ 14-ലെ ഓണക്കാല റെക്കോർഡായ 8.29 കോടിയെയും മറികടക്കാനാണ് ഇപ്പോഴത്തെ നേട്ടം.കെഎസ്ആർടിസി 4607 ബസ്സുകൾ ഓപ്പറേറ്റ് ചെയ്താണ് വരുമാനം സ്വന്തമാക്കിയത്. മുൻ റെക്കോർഡ് നേടിയ 2024 ഡിസംബർ 23-ൽ 4567 ബസ്സുകളാണ് സർവീസ് നടത്തിയിരുന്നതെന്ന് ഗതാഗതമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.“ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും, വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ എല്ലാവരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നു” — ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസിക്ക് ചരിത്രനേട്ടം:ഇന്നലെ മാത്രം കിട്ടിയത് 10 കോടിയിലേറെ കളക്ഷൻ
