മലപ്പുറം:ഇടത് സഹയാത്രികനായ മുൻമന്ത്രി കെടി ജലീൽ എം.എൽ.എക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ഭാര്യയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ ജലീൽ നേരിട്ട് ഇടപെട്ടുവെന്നും ചട്ടങ്ങൾ ലംഘിച്ചാണിതെന്ന് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ആരോപിച്ചു.“സ്വന്തം രാഷ്ട്രീയ സംശുദ്ധി തെളിയിക്കാൻ മതഗ്രന്ഥത്തെ ഇടയ്ക്കിടെ ഉപയോഗിക്കുകയാണ് കെടി ജലീൽ. പറയുന്നത് സത്യമാണെങ്കിൽ അത് വ്യക്തമാക്കുക. അതിന് മതഗ്രന്ഥങ്ങളെ കൂട്ടുപിടിക്കേണ്ട കാര്യമില്ല.
പറയുന്നതിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്തതിനാലല്ലേ ആയിരം തവണ സത്യം ചെയ്യേണ്ടിവരുന്നത്,” സിദ്ദീഖ് വിമർശിച്ചു.2016 ൽ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ജലീലിന്റെ ഭാര്യ ഫാത്തിമക്കുട്ടിക്ക് എച്ച്എസ്എസ് പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ ജലീൽ നേരിട്ട് ഇടപെട്ടുവെന്നാണ് ആരോപണം. നിയമനത്തിലെ സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് അന്ന് തർക്കമുണ്ടായിരുന്നെന്നും നിയമന ഉത്തരവിൽ തന്നെ ഫാത്തിമക്കുട്ടിയുടെ പേരിനൊപ്പം കെടി ജലീലിന്റെയും പേര് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.“സർക്കാർ ഉത്തരവിൽ തന്നെ ഇങ്ങനെയൊക്കെ എഴുതാമോ..? രാഷ്ട്രീയ സംശുദ്ധിയെ കുറിച്ച് നാടുനീളെ പ്രസംഗിക്കുന്ന ജലീൽ ജീവിതത്തിൽ അതിന്റെ മാതൃക കാണിക്കുന്നില്ല,” എന്നും സിദ്ദീഖ് കുറ്റപ്പെടുത്തി