കുറവിലങ്ങാട്:ലോക സുറിയാനി സമ്മേളന പ്രതിനിധികൾ അനുഗ്രഹം തേടി കുറവലങ്ങാട് മുത്തിയമ്മയ്ക്കരുകിലെത്തി.കുറവിലങ്ങാടിന്റെ ചരിത്രവും പാരമ്പര്യങ്ങളും അതിശയത്തോടും ആദരവോടുമാണ് സംഘം ചോദിച്ചറിഞ്ഞത്.പള്ളിയിലെ സുറിയാനി ലിഖിതങ്ങൾ വായിച്ചറിയാനും, ചരിത്രവശങ്ങൾ വിശദമായി ആരായാനും സംഘം പ്രത്യേകം ശ്രദ്ധ ചെലുത്തി. തുടർന്ന് റംശാ നമസ്കാരത്തിൽ പങ്കെടുത്ത പ്രതിനിധികൾക്ക്, മർത്ത്മറിയം വിശ്വാസപരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ പാരമ്പര്യ നസ്രാണി കലാരൂപങ്ങളായ മാർഗംകളിയും പരിചമുട്ടും അവതരിപ്പിച്ചു.പള്ളി മ്യൂസിയത്തിലെ പുരാവസ്തുക്കൾക്കും ചരിത്രസാക്ഷ്യങ്ങൾക്കും മുന്നിൽ സംഘാംഗങ്ങൾ ഏറെ ആകർഷണം പ്രകടിപ്പിച്ചു. സന്ദർശനം അവസാനിക്കുമ്പോൾ അവർ ഓരോരുത്തരും വിശുദ്ധ അനുഭവം പങ്കുവെച്ച് മടങ്ങുകയായിരുന്നു.പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സംഘത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അസി. വികാരിമാരായ ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവർ കൈക്കാരന്മാരും പള്ളിയോഗാംഗങ്ങളും കുടുംബകൂട്ടായ്മ പ്രതിനിധികളും ചേർന്ന് സംഘത്തെ സ്വീകരിച്ചു.
ലോകസുറിയാനി സമ്മേളന പ്രതിനിധികൾ അനുഗ്രഹം തേടി കുറവിലങ്ങാട് മുത്തിയമ്മയ്ക്കരുകിലെത്തി
