ന്യൂഡൽഹി :ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി നൽകിയ അനുമതിയിൽ ഇടപെടാനാവില്ലെന്നും പരിപാടി നടത്താൻ അനുവദിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.ആഗോള അയ്യപ്പസംഗമത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡോ. പി.എസ്. മഹേന്ദ്രകുമാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. സർക്കാർ പരിപാടിയിൽ പങ്കുചേരുന്നത് ഭരണഘടനയിലെ മതേതരത്വത്തെ ലംഘിക്കുന്നതാണെന്നും, ദേവസ്വം ബോർഡിനെ ഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.ദേവസ്വത്തിന്റെ ഫണ്ട് ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
ദേവസ്വം ബോർഡിന് ആഗോള മതസംഗമം സംഘടിപ്പിക്കാൻ ചട്ടപ്രകാരമുള്ള അധികാരം ഇല്ലെന്നും, ദൈവത്തിന് അവകാശപ്പെട്ട ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വിനിയോഗിക്കാനാവില്ലെന്നും അഭിഭാഷകൻ എം.എസ്. വിഷ്ണുശങ്കർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഹൈക്കോടതി സംഗമത്തിന് അനുമതി നൽകുമ്പോൾ നിരവധി ഉപാധികളാണ് ചുമത്തിയത്. പമ്പയുടെ പരിശുദ്ധി കാക്കണം, പരിസ്ഥിതിക്കും വനമേഖലകൾക്കും ഹാനികരം സംഭവിക്കരുത്, സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങൾ ഒരുവിധത്തിലും ബാധിക്കരുത്, സാമ്പത്തിക ഇടപാടുകൾ സുതാര്യമായി സൂക്ഷിക്കണം എന്നീ വ്യവസ്ഥകളാണ് കോടതി വ്യക്തമാക്കിയിരുന്നത്. സുപ്രീംകോടതി ഈ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് നിർദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നാണ് സെപ്റ്റംബർ മൂന്നാം വാരം പമ്പയിൽ ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ദേവസ്വം ബോർഡിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ഈ സംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ പങ്കെടുക്കും.തത്വമസി എന്ന വിശ്വമാനവത സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കുകയും, ശബരിമലയെ ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടനകേന്ദ്രമായി അവതരിപ്പിക്കുകയുമാണ് സംഗമത്തിന്റെ ലക്ഷ്യം.മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും രക്ഷാധികാരികളായും പ്രവർത്തിക്കും. വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പരിപാടി ആസൂത്രണം ചെയ്യുകയാണ്.സംഗമത്തിൽ പങ്കെടുക്കുന്ന ഭക്തർക്കുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കാനും, ഭാവിയിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ അവതരിപ്പിക്കാനുമുള്ള അവസരം ഒരുക്കുമെന്നും സർക്കാർ അറിയിച്ചു.