ന്യൂഡൽഹി:ഇന്ത്യയെക്കുറിച്ചുള്ള സാധാരണ ധാരണകളെ തെറ്റായതായി തെളിയിച്ച് ഒരു നൈജീരിയൻ യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. 2021 മുതൽ ഇന്ത്യയിൽ താമസിക്കുന്ന പാസ്കൽ ഒലാലെ എന്ന കണ്ടന്റ് ക്രിയേറ്ററാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ച് വിദേശികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്ന തെറ്റിദ്ധാരണകൾക്ക് മറുപടി നൽകിയത്.ഇന്ത്യ ശുചിത്വരഹിതമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നാണ് ഒലാലെ പറയുന്നത്. “ഇന്ത്യ തിരക്കേറിയ രാജ്യമാണ്, പല വെല്ലുവിളികളും ഉണ്ട്. എങ്കിലും ആളുകൾ അവരുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതും നിങ്ങൾ കരുതുന്നതിലും വൃത്തിയുള്ള സ്ഥലങ്ങളിൽ ഞാൻ താമസിച്ചിട്ടുണ്ടെന്നും” അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു.ഇന്ത്യക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന ധാരണയും തെറ്റാണെന്ന് ഒലാലെ പറയുന്നു.
“ഇംഗ്ലീഷ് സംസാരിക്കുന്ന അനേകം ആളുകളെ ഞാൻ കണ്ടിട്ടുണ്ട്” എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.റോഡുകൾ സുരക്ഷിതമല്ലെന്ന തെറ്റിദ്ധാരണയെയും ഒലാലെ ചോദ്യം ചെയ്യുന്നു. “ഇന്ത്യയിൽ , ഓട്ടോ, മെട്രോ തുടങ്ങി നിരവധി ഗതാഗത സൗകര്യങ്ങൾ ഉണ്ട്. സുരക്ഷിതമായി യാത്ര ചെയ്യാൻ ഇവിടെ അവസരങ്ങളുണ്ട്” എന്നാണ് അദ്ദേഹം പറയുന്നത്.ഇന്ത്യൻ ഭക്ഷണം വൃത്തിയില്ലെന്നും സ്ട്രീറ്റ് ഫുഡ് കഴിച്ചാൽ അസുഖമുണ്ടാകുമെന്നുമുള്ള ധാരണകളെയും ഒലാലെ തള്ളി. “മസാല നിറഞ്ഞ വിഭവങ്ങൾ പോലും ആരോഗ്യ പ്രശ്നങ്ങളില്ലാതെ ഞാൻ കഴിച്ചിട്ടുണ്ട്. ചായ നൽകി തന്നെ സ്വീകരിച്ചവരുണ്ട്. വിവാഹങ്ങൾക്ക് ക്ഷണിച്ചതും, പരിചയമില്ലാത്തവരും സ്നേഹത്തോടെ പെരുമാറിയതും ഇന്ത്യൻ അതിഥി സൽക്കാരത്തിന്റെ ഉദാഹരണങ്ങളാണ്” എന്നും യുവാവ് പോസ്റ്റിൽ പങ്കുവെച്ചു.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒലാലെയുടെ ഈ അനുഭവക്കുറിപ്പ് വലിയ ചര്ച്ചകള്ക്ക് വഴിവച്ചിരിക്കുകയാണ്. ഇന്ത്യയെക്കുറിച്ചുള്ള വിദേശികളുടെ പഴയ ധാരണകൾ തെറ്റാണെന്നും, ഇന്ത്യൻ സംസ്കാരവും ജീവിതശൈലിയും അതിനേക്കാളും മനോഹരമാണെന്നും ഒലാലെ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.