ഛത്തീസ്ഗഡ് :ഓൺലൈനിൽ പരിചയപ്പെട്ട മറുനാടൻ ഇന്ത്യാക്കാരനായ 75 കാരനെ വിവാഹം കഴിക്കാൻ പഞ്ചാബിലെത്തിയ 71 കാരിയായ ഇന്ത്യൻ വംശജ അമേരിക്കക്കാരിയെ കത്തിച്ചു കൊലപ്പെടുത്തിയതായി സൂചന.ലുധിയാനയിലെ 75 കാരനായ ചരൺജിത് സിംഗ് ഗ്രെവാളിന്റെ ക്ഷണം പ്രകാരമാണ് അമേരിക്കയിൽ നിന്നിരുന്ന രൂപീന്ദർ കൗർ പാന്ധർ ഇന്ത്യയിലെത്തിയത്. എന്നാൽ വിവാഹസ്വപ്നവുമായി എത്തിയ യാത്ര, ദുരൂഹ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.സ്ത്രീ കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രൂപീന്ദറിന്റെ സഹോദരി കമൽ കൗർ ഖൈറയാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. ജൂലൈ 24-ന് രൂപീന്ദറിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിന് പിന്നാലെയാണ് സംഭവം വെളിയിൽ വന്നത്.
ഖൈറ, യുഎസ് എംബസിയെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം വേഗം പിടിച്ചത്. പിന്നാലെ ലഭിച്ച വിവരങ്ങളിൽ, രൂപീന്ദർ കൗർ കൊല്ലപ്പെട്ടുവെന്നു സ്ഥിരീകരിച്ചു.പോലീസ്, കേസിൽ മൽഹ പാട്ടിയിലെ സുഖ്ജീത് സിംഗ് സോനുവിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ, സ്ത്രീയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തി മൃതദേഹം സ്റ്റോർ റൂമിൽ കത്തിച്ചതായി സോനു സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.കൊലപാതകത്തിന് പിന്നിൽ ചരൺജിത് ഗ്രെവാളിന്റെ നിർദ്ദേശം ഉണ്ടെന്നും, കൊല നടത്താൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി സോനു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗ്രെവാളാണ് രൂപീന്ദറിനെ ഇന്ത്യയിലേക്ക് വിളിച്ചതെന്നും, ഇതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളാണെന്നും പോലീസ് പറയുന്നു.അതേസമയം, കേസിലെ മുഖ്യപ്രതി ചരൺജിത് ഗ്രെവാൾ ഇപ്പോഴും ഒളിവിലാണ്. സോനുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഇരയുടെ അസ്ഥികൂടാവശിഷ്ടങ്ങളും തെളിവുകളും കണ്ടെത്താൻ പോലീസ് തെരച്ചിൽ തുടരുകയാണ്.