കോയമ്പത്തൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യയിലെ വസ്ത്ര കയറ്റുമതി മേഖലയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്. ഏറ്റവും വലിയ ആഘാതം നേരിടുന്നത് രാജ്യത്തിന്റെ ടെക്‌സ്‌റ്റൈൽ തലസ്ഥാനമായ തിരുപ്പൂരാണ്.യുഎസ് താരിഫുകളെ തുടർന്ന് ഇവിടെ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ജോലി നഷ്ടമായി. ഒരുകാലത്ത് 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് യൂണിറ്റുകൾ ഇന്ന് ഷിഫ്റ്റുകൾ വെട്ടിക്കുറച്ച് ഉൽപ്പാദനം കുറയ്ക്കുകയോ, ചിലത് അടച്ചുപൂട്ടുകയോ ചെയ്തിരിക്കുകയാണ്.ഇന്ത്യയുടെ ടെക്‌സ്‌റ്റൈൽ കയറ്റുമതിയുടെ മൂന്നിലൊന്നിലേറെയും തിരുപ്പൂരിലെ ഹോസിയറി കയറ്റുമതി കേന്ദ്രത്തിലൂടെയാണ് നടക്കുന്നത്. എന്നാൽ 50% തീരുവയെത്തുടർന്ന് അമേരിക്കയിലേക്കുള്ള ഓർഡറുകൾ വൻ തോതിൽ കുറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ തുണികൾ സ്റ്റോക്കായി കെട്ടിക്കിടക്കുകയാണ്. തൊഴിലുടമകൾക്ക് തൊഴിലാളികൾക്ക് ശമ്പളം നൽകാനും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ്.ഉത്തരപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്കുള്ള കുടിയേറ്റ തൊഴിലാളികൾ എത്തിയിരിക്കുന്നത്. ഇവരിൽ പകുതിയോളം പേർ ഇതിനകം നാട്ടിലേക്കു മടങ്ങി. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികളുടെ തിരക്കേറിയ കാഴ്ച അനുഭവപ്പെട്ടു. നവരാത്രിയും ദീപാവലിയും പോലെയുള്ള ഉത്സവങ്ങൾ അടുത്തിരിക്കുമ്പോഴും ഇവർക്ക് നാട്ടിലേക്ക് വെറുംകയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്.അതേസമയം, തിരുപ്പൂരിൽ തന്നെ തുടരുകയും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലോ സമീപ സംസ്ഥാനങ്ങളിലോ പുതിയ അവസരങ്ങൾ തേടുകയുമാണ് നിരവധി യുവാക്കൾ. തമിഴ്നാടിന്റെ അയൽ സംസ്ഥാനമായ കേരളത്തിലേക്കും വലിയൊരു ഒഴുക്ക് ഉണ്ടാകാനിടയുണ്ട്.ഇപ്പോൾ പ്രവർത്തിക്കുന്ന ഫാക്ടറികളും 50 ശതമാനം ശേഷിയിലാണ്. 2,500 കയറ്റുമതി യൂണിറ്റുകളിൽ ഏകദേശം 20 ശതമാനം ഇതിനകം അടച്ചുപൂട്ടി. ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം തകർന്ന സ്വപ്നങ്ങളായി മാറിയിരിക്കുകയാണ്.