കോഴിക്കോട് :തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം .സ്കൂൾ ബാഗ് മുന്നിലോട്ട് എറിഞ്ഞാണ് പെൺകുട്ടി നായ്ക്കളുടെ പിടിയിൽ നിന്നും രക്ഷപെട്ടത്.വഴിയിൽ കൂടി യാത്ര ചെയ്തിരുന്ന പെൺകുട്ടിയിലേക്ക് തെരുവുനായ്ക്കൾ പാഞ്ഞെത്തി. നായ്ക്കളുടെ മുന്നിൽ സ്കൂൾ ബാഗ് ഊരിയെറിഞ്ഞു ഓടിയതാണ് കുട്ടിയുടെ രക്ഷയ്ക്ക് കാരണമായത്. പിന്നാലെയും നായ്ക്കൾ ആക്രമണശ്രമവുമായി പിന്തുടർന്നെങ്കിലും പെൺകുട്ടി രക്ഷപെട്ടു.സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.നാദാപുരം, കല്ലാച്ചി, വാണിമേൽ, വളയം മേഖലകളിലൊക്കെയും തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. പലപ്പോഴും കുട്ടികൾ തനിച്ച് സ്കൂളിൽ പോകുമ്പോഴാണ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ എത്തുന്നത്.നിരന്തരമായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാട്ടുകാരുടെ ആശങ്കകളെ അവഗണിക്കാതെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.
സ്കൂൾ ബാഗ് ‘പ്രാണരക്ഷാ കവചം’; തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
