ബംഗളൂരു: ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ നാളെ തുടക്കം കുറിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാൻ കമ്പനിയുടെ ജീവനക്കാർ നടത്തുന്ന ഒരുക്കങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു.ബംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓഫീസിൽ ജീവനക്കാർക്കായി കിടക്കകളും തലയിണകളും എത്തിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായത്. കമ്പനി ജീവനക്കാരിൽ ഒരാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ, ട്രക്കിൽ നിന്നിറക്കുന്ന കിടക്കകളും തലയിണകളും കാണാം. “ബിഗ് ബില്യണ്‍ ഡേയ്സ് നീണ്ട വാരാന്ത്യമായിരിക്കുമെന്ന അടിക്കുറിപ്പോടെയാണ്” വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ “അതെ, ഞങ്ങൾ ഓഫീസിൽ രാത്രിയിൽ തങ്ങാറുണ്ട്” എന്ന ഹാഷ്ടാഗും ജീവനക്കാരൻ ഉപയോഗിച്ചു.ഉപഭോക്താക്കള്‍ക്ക് ഒരു തരത്തിലും തടസ്സം ഉണ്ടാകാതെ രാവും പകലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ചിത്രമാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
എന്നാൽ വീഡിയോയ്ക്ക് കീഴിൽ ഉയർന്നുവരുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്. ചിലർ ജോലിഭാരം കുറിച്ച് തമാശ പറഞ്ഞപ്പോൾ, മറ്റുചിലർ ടോക്സിക് തൊഴിൽ സംസ്കാരത്തെ ചോദ്യം ചെയ്തു. “വിഷലിപ്തമായ തൊഴില്‍ സംസ്കാരത്തെ മഹത്വവല്‍ക്കരിക്കുന്നത് ഇപ്പോഴൊരു ട്രെൻഡാണ്” എന്നും, “ഓവർടൈമിന് ജീവനക്കാർക്ക് പ്രതിഫലം നൽകണം” എന്നും അഭിപ്രായങ്ങൾ ഉയര്‍ന്നു.അതേസമയം, കമ്പനിയെയും ജീവനക്കാരുടെയും പരിശ്രമത്തെയും പിന്തുണച്ചവരും ഉണ്ടായിരുന്നു. “ഉറക്കമില്ലാത്ത ഓരോ രാത്രികള്‍ക്കും പിന്നിൽ നാളത്തെ വിജയമാണ്” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.ഇലക്‌ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ, സ്മാർട്ട്ഫോണുകൾ, പലചരക്ക് സാധനങ്ങൾ തുടങ്ങി വിപുലമായ വിഭാഗങ്ങളിലാണ് ബിഗ് ബില്യണ്‍ ഡേയ്‌സിൽ വൻ കിഴിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.