കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശേഷം ബലൂൺ വിൽപ്പനക്കാരൻ എന്ന പേരിൽ പത്ത് വർഷത്തോളമായി മുങ്ങി നടന്ന പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി. കോട്ടയം വേളൂർ മാണിക്കുന്നം കൊച്ച് പറമ്പിൽ നജീബ് ബഷീറി(38)നെ ആണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം. ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബലൂൺ കച്ചവടക്കാരൻ എന്ന വ്യാജേനെ കൊടകര ഭാഗത്ത് ജീവിക്കുകയായിരുന്നു പ്രതി. സ്വന്തമായി ഫോണില്ലാതിരുന്ന പ്രതി സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ഫോൺ വഴിയാണ് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നത്.
ഇയാളും സുഹൃത്തും ചേർന്ന് 2016 ജൂലൈ ആറിന് മൂന്ന് മണിയോകൂടി ചന്തക്കവലയിൽ നിന്നും സന്തോഷ് എന്ന മങ്കൊമ്പ് സ്വദേശിയുടെ ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കല്ലുപുരയ്ക്കൽ ഭാഗത്ത് എത്തിയ സമയം ആക്രമിച്ച് ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 3340/- രൂപയും മൊബൈൽ ഫോണും പിടിച്ചുപറിച്ചിരുന്നു. ഇത് കൂടാതെ 2017 ജൂലൈ 28 ന് പ്രതി താമസിച്ചു വന്നിരുന്ന കൊച്ചുപറമ്പിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും 1.8 കിലോ കഞ്ചാവ് കണ്ടെത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതി ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കേസുകളിൽ നജീബിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ എം ജെ അരുൺ , എസ്.ഐ കെ ആർ ഹരികൃഷ്ണൻ , എസ്.ഐ എസ് വാ ആകാശ് , സീനിയർ സി.പി.ഓമാരായ എം വി അരുൺകുമാർ ., എ വി അജിത് , സി.പി.ഒ. അജേഷ് ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


