കൊല്ലം: നിലമേലില്‍ രണ്ടുപേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന ആരോപണത്തിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടല്‍ പൊലീസ് പൂട്ടിച്ചു. ഹോട്ടലില്‍ നിന്ന് മീന്‍ വിഭവം കഴിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും ശരീരം തളര്‍ന്നു പോയതെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. കൊല്ലം സ്വദേശികളായ റഷീദ ബീവിയും ഷാജിയുമാണ് മരിച്ചത്. റഷീദയുടെ മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഗുരുതരാവസ്ഥയിലുള്ള സജിമോളെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ആറ് പേര് ഒരുമിച്ചാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് മൂന്നുപേര്‍ക്കും കുഴപ്പമില്ലെങ്കിലും മീന്‍ വിഭവം കഴിച്ചയുടന്‍ മൂന്ന് പേര് തളര്‍ന്നുവീഴുകയായിരുന്നു. മീന്‍മുട്ടയും കണവത്തോരനും കൊഞ്ചും ഉള്‍പ്പെടെയുള്ള കറികളാണ് ഇവര്‍ കഴിച്ചത്. റഷീദ ബീവി പ്ലാച്ചിയോട് ചായക്കടയും ഷാജിയും സജിമോളും ചേര്‍ന്ന് നിലമേല്‍ വൈദ്യശാല മുക്കില്‍ ചായക്കടയും നടത്തി വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെയാണ് കുടുംബം വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. മീന്‍ വിഭവം കഴിച്ചതിന് പിന്നാലെ ആദ്യം റഷീദ ബീവിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ മകള്‍ക്കും തുടര്‍ന്ന് മരുമകനും പ്രശ്നങ്ങളുള്ളതായി പറയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്.


