ശബരിമല യുവതീ പ്രവേശന നീക്കം തടഞ്ഞു: സർക്കാർ പ്രതികാരം തീർത്തു: സർക്കാരിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തന്ത്രി കണ്ഠരര് രാജീവര് 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അടുത്തിടെ ജയില്‍മോചിതനായ തന്ത്രി കണ്ഠരര് രാജീവരര് സമർപ്പിച്ച ജാമ്യാപേക്ഷയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമലയില്‍ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റെന്നാണ് തന്ത്രി ആരോപിക്കുന്നത്.ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തെയും താൻ വിഫലമാക്കിയതായി അദ്ദേഹം പറയുന്നു.

Advertisements

തനിക്കെതിരെയുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നാണ് തന്ത്രിയുടെ പ്രധാന വാദം. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താനായി ചില പൊലീസ് ഉദ്യോഗസ്ഥർ യുവതികളെ കയറ്റാൻ ശ്രമിച്ചെന്നും അത് താൻ തടഞ്ഞെന്നും തന്ത്രി വാദിക്കുന്നു. ക്ഷേത്ര കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘യുവതീ പ്രവേശനത്തിന് ശ്രമങ്ങളുണ്ടായപ്പോള്‍, പൂജകള്‍ നിർത്തിവയ്ക്കുമെന്നും ക്ഷേത്രത്തിന് പുറത്തുവരുമെന്നും ഞാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാൻ സർക്കാർ ആലോചിച്ചു. ആ ശ്രമവും വിഫലമാക്കി. ഇക്കാരണങ്ങളാണ് പ്രതികാരനടപടിയെടുക്കാനുള്ള കാരണമായത്’- തന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും തന്ത്രി ജാമ്യാപേക്ഷയില്‍ ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ ചിലകാര്യങ്ങള്‍ അന്വേഷണസംഘം മറച്ചുവച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്.

‘തന്ത്രിയുടെ പദവിയെന്നത് ക്ഷേത്രത്തിലെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിലോ സ്വത്തുക്കളുടെ പരിപാലനത്തിലോ യാതൊരു നിയമപരമായ അധികാരവുമില്ല. ദേവസ്വം മാന്വല്‍ പ്രകാരം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെയും തിരുവാഭരണങ്ങളുടെയും സംരക്ഷണവും കണക്കെടുപ്പും ദേവസ്വം കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മാത്രം ഉത്തരവാദിത്തമാണ്. ഭരണപരമായ ക്രമക്കേടുകള്‍ തടയാൻ എനിക്ക് നിയമപരമായ ബാധ്യതയില്ല. അതിനാല്‍ അത്തരം കാര്യങ്ങളില്‍ പ്രതികരിച്ചില്ല എന്നത് ക്രിമിനല്‍ ഗൂഢാലോചനയായി കാണാനാവില്ല’- കണ്ഠരര് രാജീവരര് ജാമ്യാപേക്ഷയില്‍ അറിയിച്ചു.

അതേസമയം കേസില്‍ തന്ത്രിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാതെ വന്നതോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. സ്വർണപ്പാളികളടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമതലയില്‍ വരുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles