കോട്ടയം: ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും നേതൃ സ്ഥാനത്തിരികിക്കുന്നതും, യുദ്ധം നയിക്കുന്നതും പുരുഷന്മാരാണെന്നും, സ്ത്രീകൾ നേതൃ നിരയിലേയ്ക്ക് ഉയർന്നുവന്നാൽ ലോകത്ത് സമാധാനം ഉണ്ടാകുമെന്നും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. കേരളത്തിലെ വനിതാ സംരംഭകരുടെ കൂട്ടായ്മ വെൻ കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോട്ടയം സീസർ പാലസിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാചരണം Empower Her എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഇപ്പോൾ യുദ്ധത്തിന്റെ കാലമാണ്. വിനാശകരമായ യുദ്ധമാണ് ഇപ്പോൾ അരങ്ങേറുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ അമേരിക്കയിൽ അടക്കം ഭരണത്തിന് നേതൃത്വം നൽകുന്നത് പുരുഷന്മാരാണ്. ഈ ലോകക്രമത്തിലാണ് സ്ത്രീകൾ ഭരണനേതൃത്വത്തിലേയ്ക്ക് വരേണ്ടതിന്റെ ആവശ്യകതയുണ്ടാകുന്നത്. എവിടെയും സമാധാനത്തിനായി മുന്നിട്ട് നിൽക്കുന്നതും, സമാധാനം സ്ഥാപിക്കാൻ സാധിക്കുന്നതും സ്ത്രീകൾക്കാണ്. വീടുകളിൽ മാത്രമല്ല സ്ത്രീകളുടെ നേതൃത്വം വരേണ്ടത്. സമൂഹത്തെ മുന്നിലേയ്ക്ക് നയിക്കാൻ സ്ത്രീകൾക്ക് സാധിക്കണം. ആരുടെയും പിൻതുണിയില്ലാതെ തന്നെ മുന്നിലേയ്ക്ക് കടന്നുവരാൻ സ്ത്രീകൾ തയ്യാറാകുകയാണ് വേണ്ടത്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി വീട്ടിൽ നിന്നു തന്നെ പോരാടി തുടങ്ങുകയാണ് വേണ്ടത്. സാമ്പത്തികമായി കുടുംബത്തിൽ തന്നെ സ്വയംപര്യാപ്തയാൽ സ്ത്രീകൾക്ക് മാറ്റം കൊണ്ടു വരാൻ സാധിക്കും. പുതിയ തലമുറയിലെ കുട്ടികളെയും ഇത്തരത്തിൽ സ്വയം പര്യാപ്തയാക്കാൻ സാധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം വെൻ അഡൈ്വസറി അംഗങ്ങളായ മറിയാമ്മ പയസ്, ചിന്നു മാത്യു, ചാപ്റ്റർ ചെയർ റീബാ വർഗീസ്, വൈസ് ചെയർ ഡോ.ഷീജ ആബേൽ, ട്രഷറർ പെസീ തോമസ് എന്നീവർ ചടങ്ങിൽ പങ്കെടുത്തു. Give To Gain എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ഡിസ്‌കഷൻ സംഘടിപ്പിച്ചു.
ലോകത്തിലെ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നത് പുരുഷന്മാർ; ലോകത്ത് സമാധാനം വേണമെങ്കിൽ സ്ത്രീകൾ നേതൃത്വ നിരയിലേയ്ക്കു വരണം: ജില്ലാ കളക്ടർ ചേതൻ കുമാർ മീണ; വെൻ കോട്ടയം ചാപ്റ്ററിന്റെ വനിതാ ദിനാചരണം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

Advertisements

