വാഷിംഗ്‌ടണ്‍: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ അമേരിക്കൻ വ്യോമസേനയ്ക്ക് വൻ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതായി റിപ്പോർട്ട്.യുദ്ധം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കുറഞ്ഞത് ഏഴ് യുദ്ധവിമാനങ്ങള്‍ തകർന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെള്ളിയാഴ്ച മാത്രം രണ്ട് അത്യാധുനിക വിമാനങ്ങള്‍ തകർന്നതോടെയാണ് അമേരിക്കൻ സൈനിക വൃത്തങ്ങളില്‍ ആശങ്ക വർധിച്ചത്.
ശനിയാഴ്ച സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വെള്ളിയാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളിലായി ഒരു എഫ്-15 (F-15) വിമാനവും എ-10 (A-10) വിമാനവുമാണ് തകർന്നത്. ഇതോടെ ഈ യുദ്ധത്തില്‍ തകർന്ന അമേരിക്കൻ വിമാനങ്ങളുടെ എണ്ണം ഏഴിലെത്തി. ഇതില്‍ ചിലത് ഇറാന്റെ ആക്രമണത്താലാണെങ്കില്‍ മറ്റു ചിലത് സാങ്കേതിക തകരാറുകള്‍ മൂലമോ അബദ്ധത്തിലോ സംഭവിച്ചവയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ അമേരിക്കക്ക് തിരിച്ചടികള്‍ നേരിട്ടിരുന്നു. മാർച്ച് 2ന് കുവൈത്ത് വ്യോമ പ്രതിരോധ സേന അബദ്ധത്തില്‍ മൂന്ന് അമേരിക്കൻ എഫ്-15 വിമാനങ്ങള്‍ വെടിവെച്ചിട്ടത് വലിയ വാർത്തയായിരുന്നു. കൂടാതെ, മാർച്ച് 12ന് ഇറാഖിലുണ്ടായ ഒരു വിമാന അപകടത്തില്‍ ആറ് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. കെസി-135 റീഫ്യൂവലിംഗ് ടാങ്കർ വിമാനമാണ് അന്ന് തകർന്നത്.
സൗദി അറേബ്യയിലെ പ്രിൻസ് സുല്‍ത്താൻ എയർബേസില്‍ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണമാണ് മറ്റൊരു പ്രധാന നാശനഷ്ടമുണ്ടാക്കിയത്. ഈ ആക്രമണത്തില്‍ അമേരിക്കയുടെ ഇ-3 സെൻട്രി എന്ന അത്യാധുനിക നിരീക്ഷണ വിമാനം നിലത്തിരിക്കെ തന്നെ തകർക്കപ്പെട്ടു. ഫെബ്രുവരി 28ന് ആരംഭിച്ച ഈ യുദ്ധം മേഖലയിലെ സമാധാന അന്തരീക്ഷത്തെ പൂർണമായും തകർത്തിരിക്കുകയാണ്.
ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉള്‍പ്പെടെയുള്ളവരെ വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കത്തിന് ഇറാൻ ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ഇസ്രായേലിലെയും അയല്‍രാജ്യങ്ങളിലെയും അമേരിക്കൻ താവളങ്ങള്‍ക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ അമേരിക്കക്ക് വൻ സാമ്പത്തിക-സൈനിക ആഘാതമാണ് ഉണ്ടാക്കുന്നത്.

