കോട്ടയം : ഐപിഎൽ ആവേശം സ്റ്റേഡിയത്തിന്റെ അതിരുകൾ ഭേദിച്ച് അക്ഷരനഗരിയുടെ ഹൃദയതുടിപ്പിലേക്ക് എത്തുന്നു. ബിസിസിഐയുടെ ഔദ്യോഗിക ഐപിഎൽ ഫാൻ പാർക്കിന് ഇത്തവണ മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ട് ആതിഥ്യമരുളും. ഏപ്രിൽ 18, 19 (ശനി, ഞായർ) തീയതികളിൽ അരങ്ങേറുന്ന കായിക മാമാങ്കത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. അയ്യായിരത്തിലധികം ആരാധകർക്ക് ഒരേസമയം കൂറ്റൻ എൽഇഡി സ്‌ക്രീനുകളിൽ തത്സമയം മത്സരങ്ങൾ ആസ്വദിക്കാനുള്ള വിപുലമായ സൗകര്യമാണ് ഒരുങ്ങുന്നത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഫാൻ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
മത്സരപ്രദർശനത്തിനപ്പുറം കാർണിവൽ മൂഡാണ് ഫാൻ പാർക്കിൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷണശാലകൾ, സംഗീത വിരുന്നുകൾ, കുട്ടികൾക്കായുള്ള പ്ലേ സോണുകൾ എന്നിവയ്ക്ക് പുറമെ ആരാധകർക്ക് കായിക മികവ് തെളിയിക്കാൻ വിർച്വൽ ബാറ്റിംഗ് സോണുകളും ബൗളിംഗ് നെറ്റുകൾ എന്നിവയും സജ്ജമാണ്. ഏപ്രിൽ 18-ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനെയും, രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. ഏപ്രിൽ 19-ാം തീയതി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാൻ റോയൽസുമായും, രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 മുതൽ ആരാധകർക്ക് പ്രവേശനം അനുവദിക്കും.പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഫാൻ പാർക്കിന്റെ പ്രവർത്തനം. പരിസര മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് മൈതാനത്തിനകത്ത് കർശന നിയന്ത്രണമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു

