വാഷിങ്ടൺ : ഫുട്ബാള്‍ ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമില്‍ ഇടംപിടിച്ച് മലയാളി താരം തഹ്സിൻ മുഹമ്മദ് ചരിത്രം കുറിച്ചു. ലോകകപ്പിനുള്ള ഖത്തറിന്റെ കരുത്തുറ്റ നിരയിലാണ് ഈ ഇരുപതുകാരൻ സ്ഥാനം കണ്ടെത്തിയത്. ഫിഫ ലോകകപ്പിനുള്ള ഒരു രാജ്യത്തിന്റെ ദേശീയ ടീമിലേക്ക് ഒരു മലയാളി താരം തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. അക്രം അഫീഫ്, ഹസ്സൻ അല്‍ ഹൈദോസ്, അല്‍മുഈസ് അലി തുടങ്ങിയ ഏഷ്യൻ ഫുട്ബാളിലെ വമ്പന്മാർക്കൊപ്പമായിരിക്കും തഹ്സിൻ ലോകകപ്പില്‍ ബൂട്ടുകെട്ടുക. നിലവില്‍ യു.എസിലുള്ള ഖത്തർ പരിശീലന സംഘത്തോടൊപ്പമാണ് താരം.
ഖത്തറിലെ യൂത്ത് ടീമുകളിലും സീനിയർ ക്ലബ്ബുകളിലും നടത്തിയ മികച്ച പ്രകടനമാണ് തഹ്സിനെ ലോകകപ്പ് ടീമിലെത്തിച്ചത്. 2021-ല്‍ ഖത്തറിന്റെ അണ്ടർ-16 ദേശീയ ടീമില്‍ കളിച്ചുകൊണ്ടാണ് തഹ്സിൻ ശ്രദ്ധേയനാകുന്നത്. തുടർന്ന് അണ്ടർ-17 ടീമിലും ഇടം നേടി. ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിന്റെ സീനിയർ ടീമില്‍ അംഗമായ താരം 2024 മാർച്ചിലാണ് ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ജൂണില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് തഹ്സിൻ ഖത്തർ സീനിയർ ദേശീയ ടീമില്‍ അരങ്ങേറിയത്. കഴിഞ്ഞ വർഷം ചൈനയില്‍ നടന്ന അണ്ടർ-20 ഏഷ്യൻ കപ്പില്‍ ഖത്തറിനായി മൂന്ന് മത്സരങ്ങളിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
മുൻ കേരള ഫുട്ബാള്‍ താരവും ഖത്തർ പ്രവാസിയുമായ കണ്ണൂർ തലശ്ശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ് തഹ്സിൻ മുഹമ്മദ്. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ ഇപ്പോഴും അകലെയായിരിക്കുമ്പോള്‍, ഖത്തർ ജേഴ്സിയില്‍ ലോകകപ്പ് കളിക്കാൻ ഒരു മലയാളി ഇറങ്ങുന്നത് ഇന്ത്യൻ ഫുട്ബാള്‍ ആരാധകർക്കും ഏറെ അഭിമാനകരമായ നിമിഷമാണ്.


