കോട്ടയം വാകത്താനം ഞാലിയാകുഴിയിൽ ‘കുളത്തിങ്കൽ ജ്യൂവലറി’യിൽ സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം നടത്തി : 24 മണിക്കൂറിനകം പ്രതിയായ കങ്ങഴ സ്വദേശിയെ പിടികൂടി വാകത്താനം പൊലീസ്

ജാഗ്രതാ ന്യൂസ്‌ CRIME

Advertisements

വാകത്താനം : കോട്ടയം വാകത്താനം ഞാലിയാകുഴിയിൽ ‘കുളത്തിങ്കൽ ജ്യൂവലറി’യിൽ സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി വാകത്താനം പൊലീസ്. കറുകച്ചാൽ കങ്ങഴ വടക്കത്തുപ്പടി ഇടയപ്പറമ്പത്തുപ്പറമ്പിൽ രാഹുൽ രാജേന്ദ്രനെയാ(24)ണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ കോട്ടയം പുളിമൂട് ജംഗ്ഷനിലെ കോയിക്കൽ ജ്വല്ലറിയിൽ കഴിഞ്ഞ മാർച്ചിൽ നടന്ന മോഷണത്തിന് പിന്നിലും ഇയാളാണെന്ന് പോലീസ് പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വാകത്താണത്തെ മോഷണ കേസിൽ പ്രതി അറസ്റ്റിൽ ആയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം വാകത്താനം ഞാലിയാകുഴിക്കവലയിലെ ‘കുളത്തിങ്കൽ ജ്യൂവലറി’യിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ ഒരു യുവാവ് ഏകദേശം ഒരു പവനോളം വരുന്ന സ്വർണ്ണ മോതിരം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
കറുകച്ചാലിലെ ഒരു ഫർണ്ണിച്ചർ കടയിലെ വാഹനത്തിന്റെ ഡ്രൈവറാണെന്നാണ് കടയിൽ പറഞ്ഞിരുന്നത്. ജ്വല്ലറിയിൽ എത്തിയശേഷം സ്വർണ്ണം തിരഞ്ഞെടുക്കുന്നതിനിടെ ഒരു പവനോളം തൂക്കമുള്ള സ്വർണ്ണ മോതിരം പ്രതി മോഷ്ടിക്കുകയായിരുന്നു.

മോഷണം നടന്ന വിവരം തിരിച്ചറിഞ്ഞശേഷം കടയുടമ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെന്നു സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് വാകത്താനം പോലീസിൽ കടയുടമ പരാതി നൽകുകയും ചെയ്തു. പ്രതിയായ യുവാവ് വന്നതെന്ന് സംശയിക്കുന്ന സ്കൂട്ടറിന്റെ നമ്പർ പ്രദേശത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യുവിൻ്റെയും ചങ്ങനാശ്ശേരി ഡി വൈ എസ് പി എ. ആഷാദിന്റെയും നേതൃത്വത്തിൽ വാകത്താനം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച അന്വേഷണം നടത്തുകയായിരുന്നു.

വാഹനത്തിൻറെ നമ്പർ എറണാകുളം രജിസ്ട്രേഷനിൽ ഉള്ളതായിരുന്നു. ഈ വാഹനത്തിൻ്റെ പെറ്റി അടച്ച നമ്പർ കണ്ടെത്തിയ പോലീസ് സംഘം ഇയാളെ ബന്ധപ്പെട്ടു. എന്നാൽ മാസങ്ങൾക്കു മുമ്പ് തന്നെ താൻ ഈ വാഹനം വിറ്റിരുന്നതായി വാഹന ഉടമ പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂരിലെ ഒരു ഷോറൂമിൽ നിന്നും ഒരാൾ വാഹനം വാങ്ങിയതായി കണ്ടെത്തി. ഇയാളുടെ ചിത്രവും ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ ഈ പെരുമ്പാവൂരിലെ ഷോറൂമിൽ നിന്നും കണ്ടെത്തിയ പോലീസ് സംഘം ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കോട്ടയം പുളിമൂട് ജംഗ്ഷനിലെ ജ്വല്ലറിയിൽ നടന്ന മോഷണത്തിന്റെ പിന്നിലും ഇയാൾ തന്നെയാണ് എന്ന് വ്യക്തമായത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസിന് ഇയാളെ കൈമാറിയേക്കും. സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് ചന്ദൻ , പ്രീതിഷ് പ്രസാദ് , ഡ്രൈവർ സുബിൻ പി സജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles