കൻസാസ് സിറ്റി: സാക്ഷാൽ ലയണൽ മെസി ഗോളില്ലാതെ മൗനമായെങ്കിലും അൽവാരസും മാർട്ടിനെയും മാക് അലിസ്റ്ററും ഗോളുകൾ സ്വിസ് അക്കൗണ്ടിൽ നിക്ഷേപിച്ച് അർജന്റീന ലോകകപ്പ് സെമിയിൽ. ഇംഗ്ലണ്ടിന് എതിരെ അർജന്റീന 2026 ലോകകപ്പ് സെമി ഫൈനൽ കളിക്കും. അത്യന്തം ആവേശകരമായ മത്സരമാണ് അർജന്റീന സ്വിറ്റ്‌സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അരങ്ങേറിയത്. ആദ്യം മുതൽ അർജന്റീന ആക്രമണം നടത്തിയത്. പത്താം മിനിറ്റിൽ തന്നെ ലക്ഷ്യവും കണ്ടു. സാക്ഷാൽ ലയണൽ മെസി എടുത്ത കോർണർ കിക്കിൽ നിന്നും 10 ആം മിനിറ്റിൽ മാക് അലിസ്റ്റർ അർജന്റീനയുടെ ആദ്യ ഗോൾ നേടി. ഹെഡറിലൂടെയായിരുന്നു മാക് അലിസ്റ്ററിന്റെ ആ ഗോൾ. എന്നാൽ, പിന്നീട് പ്രത്യാക്രമണം കടുപ്പിച്ച സ്വിസ് ഏതു നിമിഷവും ഗോൾ വീഴ്ത്തുമെന്ന സ്ഥിതിയുണ്ടായി. 67 ആം മിനിറ്റിൽ അതിന് ഫലമുണ്ടാകുകയും ചെയ്തു. ഡാൻ എൻഡോയെയാണ് അർജന്റീനയെ വിറപ്പിച്ച ഗോൾ നേടിയത്. എന്നാൽ, അഞ്ചു മിനിറ്റിന് ശേഷം ഫൗളില്ലാതെ ഗ്രൗണ്ടിൽ വീണതിന് ലഭിച്ച രണ്ടാം മഞ്ഞക്കാർഡുമായി ബ്രീൽ എംബോളോ ചുവപ്പ് കണ്ട് പുറത്തേയ്ക്ക് പോയതോടെ പത്ത് പേരായി സ്വിറ്റ്‌സർലൻഡ് ചുരുങ്ങി. ഇതോടെ പൂർണമായും ഡിഫൻസിലേയ്ക്ക് പിൻവാങ്ങിയ സ്വിറ്റ്‌സർലൻഡ് അർജന്റീനയെ തീർത്തും പിന്നിലേയ്ക്ക് മാറ്റി. ഇതോടെ കളി അധികസമയത്തേയ്ക്കു നീങ്ങി. അധികസമയത്തിന്റെ ആദ്യ പകുതിയിൽ ഗോൾ ഒഴിഞ്ഞു നിന്നെങ്കിലും സുന്ദരമായ നീക്കങ്ങളോടെ രണ്ട് ടീമുകളും കളി പിടിക്കാൻ ശ്രമിച്ചു. 112 ആം മിനിറ്റിൽ ബോക്‌സിനു പുറത്ത് നിന്നുള്ള വലങ്കാലൻ കർവിംങ് ഷോട്ട് വലയിൽ എത്തിച്ച് അൽവാരസ് അർജന്റീനയെ മുന്നിലെത്തിച്ചു. കൗണ്ടർ അറ്റാക്കിംങിൽ നിന്നും ലഭിച്ച പന്തുമായി 120 ആം മിനിറ്റിൽ കുതിച്ച് പാഞ്ഞ അർജന്റീന മുന്നേറ്റനിരയുടെ ശ്രമം സ്വിസ് ഗോളി തട്ടിയകറ്റിയത് നേരെ വന്ന് വീണത് മാർട്ടിനസിന്റെ കാലിൽ. മാർട്ടിനസിന്റെ ഷോട്ട് വലയിൽ വീണതോടെ അർജന്റീന തുടർച്ചയായ രണ്ടാം വർഷവും ലോകകപ്പിന്റെ സെമി ഫൈനലിലേയ്ക്ക് മാർച്ച് ചെയ്തു.
മാർട്ടിനസിന്റെയും അൽവാരസിന്റെയും രക്ഷാപ്രവർത്തനം; മെസിയുടെ പട്ടാളം സെമിയിലേയ്ക്ക്; സ്വിസ് ബാങ്കിൽ നിക്ഷേപിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾ


