കൊല്ലം : തിങ്കളാഴ്ചകളിൽ രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനിൽ കയറിപറ്റുക അത്ര എളുപ്പമല്ല. ഇന്ന് ചങ്ങനാശ്ശേരിയിൽ നിന്ന് പലരും മെമുവിൽ കയറാതെ പിന്മാറി. ലോക്മാന്യ തിലകിലേയ്ക്കുള്ള സൂപ്പർ ഫാസ്റ്റിന് തൊട്ടുപിന്നിലാണ് ഇന്ന് മെമു ഓരോ സ്റ്റേഷനിലും എത്തിയത്. എറണാകുളം ടൗണിലേയ്ക്കുള്ള യാത്രക്കാർ സൂപ്പർ ഫാസ്റ്റിനെ ആശ്രയിച്ചതുകൊണ്ട് അല്പമെങ്കിലും ആശ്വാസമാകുമെന്ന് കരുതിയെങ്കിലും പ്രതീക്ഷ തെറ്റിച്ചാണ് ഇന്ന് മെമു കോട്ടയം എത്തിയത്. പാലരുവിയിലും സമാന സാഹചര്യമായിരുന്നു
മെമുവിന് ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനിലെ സ്റ്റോപ്പുകൾ നിഷേധിക്കാൻ കാരണം കോച്ചുകൾ കുറവായതിനാൽ തിരക്ക് രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ്. അതുകൊണ്ട് ആകെ നിർത്തുന്ന മെമുവിന് പോലും സ്റ്റോപ്പ് ചോദിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഹാൾട്ട് സ്റ്റേഷനിലെ യാത്രക്കാർ. കോട്ടയം മുതൽ ട്രെയിനുള്ളിൽ പ്രവേശിക്കാൻ സാധിക്കതെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കം വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്.




നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്ത് നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്ന് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസ്സഹമാക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്ത് നിന്ന് പുതിയ സർവീസ് ആരംഭിക്കണം
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങികിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ – എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചില്ല.
അഞ്ചുപ്ലാറ്റ് ഫോമുകളുമായി സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേയ്ക്ക് മെമു സർവീസുകൾക്കായി നിർമ്മിച്ച (1 A) പ്ലാറ്റ് ഫോം നാല് വർഷമായി വെറുതെ കിടക്കുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിൻ പോലും ഈ കാലയളവിൽ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കാനും റെയിൽവേ തയ്യാറായില്ല. ശക്തമായ അവഗണനയാണ് ജില്ലയിലെ യാത്രക്കാർ നേരിടുന്നത്.


