മണ്ണഞ്ചേരി: നേതാജിയിൽ തെരുവ് നായ ആക്രമണം. അഞ്ചര വയസുകാരനടക്കം പരിക്ക്. ചത്ത നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 16 ആം വാർഡ് പൂനംപുളിക്കൽ
സലേഷിന്റെ മകൻ ആരുഷ് (അഞ്ചര ), കൊച്ചുപറമ്പ് സിനുമോൻ (40), കറുകത്തറവെളിയിൽ നിഷാൻ (16), തയ്യിൽ കാളിദാസൻ (14) എന്നിവർക്കാണ് തെരുവ് നായയുടെ അക്രമണത്തിൽ പരിക്ക് പറ്റിയത്.രാവിലെ ഒമ്പതോടെയായിരുന്നു ആക്രമണം. വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുമ്പോൾ ആരുഷിനെ ഓടി വന്ന് കടിക്കുകയായിരുന്നു.ഇരു കാലിലും മൂക്കിലും തലക്കും പരിക്കുണ്ട്. കുട്ടിയുടെ ബഹളം കേട്ട് ഓടി ചെന്നപ്പോഴാണ് സലേഷിന്റെ ജ്യേഷ്ഠൻ സിനുമോന് കടിയേറ്റത്.തുടർന്ന് ഓടിയ നായ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കാളിദാസനെ ഓടിച്ചു.കാളിദാസൻ ബാഗ് വലിച്ചെറിഞ്ഞ് നായയെ ഓടിച്ചെങ്കിലും കാലിൽ വന്ന് കടിച്ചു.പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയെ പഞ്ചായത്ത് അംഗം ബിന്ദു സതീഷന്റെ നേതൃത്വത്തിൽ തിരുവല്ലയിലെ ലാബിൽ എത്തിച്ച് പോസ്റ്റ്‌മാർട്ടം നടത്തി. പോസ്റ്റ്‌മാർട്ടം ചെയ്തതിൽ നായക്ക് പേ വിഷബാധ ഉണ്ടെന്നാണ് പ്രാഥമിക വിവരം.നായ കടിയേറ്റ മുഴുവൻ പേർക്കും വാക്സിനേഷൻ നൽകി. ഈ നായ വളർത്തു മൃഗങ്ങളേയോ കടിച്ചിട്ടുണ്ടോയെന്ന് നാട്ടുകാർ പരിശോധന നടത്തുന്നുണ്ട്.പേ വിഷബാധ സ്ഥിരീകരിച്ച സ്ഥിതിക്ക്
വാർഡിലുള്ള മുഴുവൻ നായകൾക്കും വാക്സിനേഷൻ നൽകാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ പറഞ്ഞു
ആലപ്പുഴ മണ്ണഞ്ചേരിയിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ചര വയസുകാരനടക്കം നാല് പേർക്ക് പരിക്ക്. കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Advertisements

