ട്വൻ്റി20യിലെ ദയനീയ തോൽവി മറയ്ക്കാൻ ഏകദിനത്തിൽ ആശ്വാസ ജയം ; നിരാശയായി കോഹ്ലിയുടെയും രോഹിത്തിൻ്റെയും മോശം ഫോം 

ബെര്‍മിംഗ്ഹാം: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും അക്ഷര്‍ പട്ടേലിന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. 75 പന്തില്‍ 80 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സുന്ദര്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അക്ഷര്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മയും(11) വിരാട് കോലിയും(5), കെ എല്‍ രാഹുലും(1) നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ 35 റണ്‍സെടുത്തു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച കാര്‍ഡിഫില്‍ നടക്കും. സ്കോര്‍ ഇംഗ്ലണ്ട് 47.5 ഓവറില്‍ 258ന് ഓള്‍ ഔട്ട്, ഇന്ത്യ 45.2 ഓവറില്‍ 262/4.

Advertisements

എഡ്ജ്ബാസ്റ്റണില്‍ 2015നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു ഏകദിന മത്സരം തോല്‍ക്കുന്നത്. 2014ല്‍ ഇന്ത്യയോടാണ് അവസാനം ഈ ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ഏകദിന ജയം കൂടിയാണിത്. നേരത്തെ ടി20 പരമ്പരയില്‍ 0-4ന് തോറ്റ ഇന്ത്യയുടെ പര്യടനത്തിലെ ആദ്യ ജയം കൂടിയാണിത്. 259 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കത്തിലെ രോഹിത്തിനെയും കോലിയെയും നഷ്ടമായെങ്കിലും ഗില്ലും ശ്രേയസും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 100 കടത്തി. ഗില്‍ പരിക്കേറ്റ് മടങ്ങിയശേഷം ഇന്ത്യക്ക് ശ്രേയസിനെയും രാഹുലിനെയും തുടര്‍ച്ചയായി നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റില്‍ വീണ്ടും സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ(102) സുന്ദര്‍-അക്ഷര്‍ സഖ്യം ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച തുടക്കത്തിനുശേഷം 107-6ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ജോ റൂട്ടിന്‍റെയും ലിയാം ഡോസന്‍റെയും അര്‍ധസെഞ്ചുറികളുടെയും സെഞ്ചുറി കൂട്ടുകെട്ടിന്‍റെയും മികവില്‍ 47.5 ഓവറില്‍ 258 റണ്‍സിന് ഓള്‍ ഔട്ടായി. ജോ റൂട്ട് 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ലിയാം ഡോസണ്‍ 68 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗുര്‍നൂര്‍ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.

Hot Topics

Related Articles