ന്യൂജെഴ്സി:ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന ലോകകപ്പ് സെമി പോര് നിയന്ത്രിക്കുന്നത് യുഎസ് റഫറി ഇസ്മായില്‍ എല്ഫാത്ത്്. മൊറോക്കന്‍ വംശജനാണ് ഈ യുഎസ് റഫറി. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഏറെ പരിചിതനായ റഫറിയാണ് ഇസ്മായില്‍ എല്‍ഫാത്ത്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന-ഈജിപ്ത് മല്‍സരത്തിലെ റഫറിയിങ് വിവാദത്തിനു പിന്നാലെ അര്‍ജന്റീന മല്‍സരങ്ങളിലെ റഫറിമാര്‍ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
യുഎസിലെ മേജര്‍ ലീഗ് സോക്കറിലെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളാണ് 44 വയസ്സുകാരനായ ഇസ്മായില്‍ എല്‍ഫാത്ത്. 2020ലും 2022ലും എംഎല്‍എസ് റഫറി ഓഫ് ദി ഇയര്‍ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പതിനെട്ടാം വയസ്സില്‍ യുഎസ് സര്‍ക്കാരിന്റെ ഡൈവേഴ്സിറ്റി ലോട്ടറിയിലൂടെയാണ് അദ്ദേഹം മൊറോക്കോയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയത്. ടെക്സസില്‍ പ്രാദേശികമായി ഫുട്ബോള്‍ കളിച്ചിരുന്ന എല്‍ഫാത്ത്, അവിടുത്തെ റഫറിയിങ്ങിന്റെ നിലവാരമില്ലായ്മയില്‍ മടുത്താണ് സ്വയം വിസിലെടുക്കാന് തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 ലെ ലോകകപ്പ് ഫൈനലില്‍ എല്‍ഫാത്ത് ഫോര്‍ത്ത് ഒഫിഷ്യലായിരുന്നു. അന്ന് മെസ്സി ഇരട്ട ഗോള്‍ നേടുകയും അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ മല്‍സരങ്ങള്‍ നിയന്ത്രിച്ച എല്‍ഫാത്തിനെ മെസ്സിക്ക് വളരെ പരിചിതമാണ്. എംഎല്‍എസ് റെഗുലര്‍ സീസണില്‍ മൂന്നു തവണ ഇന്റര്‍ മയാമിയുടെ മല്‍സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ, 2023ല്‍ നാഷ്വില്ലെ എസ്സിക്കെതിരെ ഇന്റര്‍ മയാമി ലീഗ്സ് കപ്പ് കിരീടം ചൂടിയ ചരിത്രപ്രസിദ്ധമായ ഫൈനല്‍ മല്‍സരത്തിലെ റഫറിയും ഇസ്മായില്‍ എല്‍ഫാത്ത് ആയിരുന്നു. നാഷ്വില്ലെ എസ്സിക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അന്ന് മെസ്സിയുടെ ടീമിന്റെ ജയം. മേജര്‍ ലീഗ് സോക്കറില്‍ മെസ്സി കളിച്ച നാല് മല്‍സരങ്ങളിലാണ് എല്‍ഫാത്ത് റഫറിയായി എത്തിയത്. അതിലെല്ലാം മെസ്സിയുടെ ടീം ജയിക്കുകയും ചെയ്തരുന്നു.
ഈ ലോകകപ്പില്‍ അദ്ദേഹം നിയന്ത്രിക്കുന്ന നാലാമത്തെ മല്‍സരമാണിത്. നെതര്‍ലന്‍ഡ്സ്-ജപ്പാന്, യുറഗ്വായ്-സ്പെയിന് എന്നീ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് പുറമെ, ബ്രസീലിനെ നോര്‍വേ അട്ടിമറിച്ച പ്രീ-ക്വാര്‍ട്ടര്‍ മല്‍സരവും നിയന്ത്രിച്ചത് എല്‍ഫാത്തായിരുന്നു. ഇതുവരെ മൂന്ന് മല്‍സരങ്ങളിലായി എട്ട് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പ് കാര്‍ഡും എല്‍ഫാത്ത് പുറത്തെടുത്തിട്ടുണ്ട്. സ്പെയിന് യുറഗ്വായ് മല്‍സരത്തിന് ശേഷം വന്‍ വിമര്‍ശനമാണ് സ്പാനിഷ് മാധ്യമങ്ങള്‍ എല്‍ഫാത്തിന് നേരെ നടത്തിയത്.
എന്നാല്‍ വിവാദമാക്കാനുള്ള ഒന്നും റഫറിയുടെ കാര്യത്തില്‍ ഇല്ലെന്നും യാദൃശ്ചികമായാണ് എല്‍ഫാത്ത് ഈ മല്‍സരത്തിന്റെ റഫറിയായതെന്നുമാണ് ഫിഫയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഫിഫയുടെ ഏറ്റവും പരിചയ സമ്പന്നനായ റഫറിമാരില്‍ ഒരാളാണ് എല്‍ഫാത്ത്.
ബുധനാഴ്ച നടക്കുന്ന മല്‍സരത്തില്‍ കൈല്‍ അറ്റ്കിന്‍സ്, കോറി പാര്‍ക്കര്‍ എന്നീ യുഎസ് റഫറിമാര്‍ എല്‍ഫാത്തിനെ സഹായിക്കും. ഇറ്റലിയുടെ മൗറിസിയോ മരിയാനിയാണ് നാലാം റഫറി. ഡാനിയല്‍ ബിന്ദോണി റിസര്‍വ് അസിസ്റ്റന്റ് റഫറിയായും ചുമതലയേല്‍ക്കും. ഇരുടീമുകളും തമ്മിലുള്ള പഴയകാല ശത്രുതയും കളിയിലെ വീര്യവും കണക്കിലെടുക്കുമ്പോള്‍, റഫറി ഇസ്മായില്‍ എല്‍ഫാത്തിന് ഇതൊരു അഗ്നിപരീക്ഷ തന്നെയായിരിക്കും.
1966ന് ശേഷം ആദ്യമായി ഒരു ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ പ്രവേശിക്കുക എന്ന ലക്ഷ്യത്തിലാണ് ലയണല്‍ സ്കലോണിയുടെ അര്‍ജന്റീന. 2002ലെ ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡേവിഡ് ബെക്കാമിന്റെ പെനല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0 ന് വിജയിച്ചിരുന്നു.


