പലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ്. ഇന്നലെയും ഇന്നും കൗണ്‍സിലിംഗ് നല്‍കി. ജില്ലാ നിയമസഹായ വേദിയുടെ കൗണ്‍സിലിംഗ് റിപ്പോർട്ട് നാളെ കോടതിയില്‍ സമർപ്പിക്കും. ഈ റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും വിധി പ്രസ്താവിക്കുക. നാളെയാണ് ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി പുറപ്പെടുവിക്കുന്നത്. എന്നാല്‍, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കാൻ സാധ്യത കുറവാണെന്ന് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മിറ്റിഗേഷൻ റിപ്പോർട്ട് ലഭിച്ചശേഷം കോടതിയില്‍ വാദം തുടർന്നേക്കും. പ്രതിയെ വീഡിയോ കോണ്‍ഫറൻസിംഗ് വഴി ഹാജരാക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍ വിധി നാളെ ഉണ്ടായേക്കില്ലെന്നും പ്രോസിക്യൂട്ടർ പറയുന്നു.
പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്‍റെയും വാദിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് തന്നെ ആപത്താണെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതി കുറ്റകൃത്യം നടത്താൻ ഇനിയും സാധ്യതയുണ്ട്. ഗാന്ധിജിയല്ല താൻ എന്ന മനോഭാവം തന്നെ അതിനുദാഹരണമാണ്. അതേ സമയം മാനസാന്തരപ്പെടാൻ അവസരം നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്. മുൻകാല സ്വഭാവം പരിഗണിക്കരുതെന്നും സാഹചര്യ തെളിവാണുള്ളത്, പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാഗം വാദത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


