കോട്ടയത്തെ യു.ഡി.എഫ് മാർച്ചിലെ സംഘർഷം; പ്രവർത്തകരെ കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുന്നു; യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് വൻ വീഴ്ച; നേരിട്ട് ഇടപെട്ട് കെ.പി.സി.സി പ്രസിഡന്റ്; ജില്ലയിലേയ്ക്ക് നിരീക്ഷകനെ അയച്ചു

ആർ.കെ
പൊളിറ്റിക്കൽ ഡെസ്‌ക്
കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിലും, യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിലും പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ് നടത്തിയ മാർച്ചിനു പിന്നാലെ യൂത്ത് കോൺഗ്രസ് – കോൺഗ്രസ് – യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് വീടുകളിൽ കയറി കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിൽ യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് വൻ വീഴ്ച വന്നതായി വിമർശനം. യു.ഡി.എഫ് ജില്ലാ ചെയർമാനടക്കം വീഴ്ചയുണ്ടായതായി പരാതി ഉയർന്ന സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിഷയത്തിൽ നേരിട്ട് ഇടപെട്ടു. ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച കെ.പി.സി.സി പ്രസിഡന്റ് , സ്ഥിതിഗതികൾ നിരീക്ഷിക്കാൻ തന്റെ വിശ്വസ്തനെ കോട്ടയത്തേയ്ക്ക് അയക്കുകയും ചെയ്തു.

Advertisements

കഴിഞ്ഞ ശനിയാഴ്ചയുണ്ടായ സംഘർഷത്തെ തുടർന്നാണ് കോട്ടയം ജില്ലയിൽ യൂത്ത് കോൺഗ്രസ് കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ പൊലീസിന്റെ വേട്ട നടന്നത്. പ്രവർത്തകരുടെ വീടുകളിൽ രാത്രിയിൽ പോലും പൊലീസ് എത്തി പരിശോധന നടത്തുകയും, പ്രവർത്തകരെ ഓരോരുത്തരെയായി പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ആറു ദിവസമായി ജില്ലയിലെ പ്രമുഖ നേതാക്കളും പ്രവർത്തകരും ഒളിവിലാണ്. ഇതിനോടകം തന്നെ ഒൻപത് പേരെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും പൊലീസ് വേട്ട തുടരുകയാണ്. ആറു ദിവസമായി പൊലീസ് വേട്ട തുടരുന്ന സാഹചര്യത്തിൽ പ്രവർത്തകർക്കിടയിൽ അമർഷം ശക്തമായതോടെയാണ് ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റ് തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാത്തിച്ചാർജിനും കണ്ണീർ വാതക പ്രയോഗത്തിനും പിന്നാലെ ജില്ലയിലെ ഒരു മുതിർന്ന നേതാവ് പൊലീസിനെ സന്ദർശിച്ച് ഒത്തുതീർപ്പിലെത്തിയിരുന്നു. സംഘർഷത്തിലുണ്ടായിരുന്ന പ്രവർത്തകരുടെ വീഡിയോ കണ്ട് തിരിച്ചറിഞ്ഞ് പേരും വിവരവും ഇദ്ദേഹം പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇത് അനുസരിച്ചാണ് പൊലീസ് കേസെടുത്തതും നടപടിയെടുത്തതും. എന്നാൽ, ഇദ്ദേഹം പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാതെ ഒറ്റിക്കൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഉയർന്ന പരാതി. ഇത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അടുത്തും എത്തുകയായിരുന്നു.

ഇതേ തുടർന്നാണ് കെ.പി.സി.സി പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടത്. ജില്ലയിലെ യു.ഡി.എഫ് നേതൃത്വത്തിന് വിഷയം കൈകാര്യം ചെയ്യുന്നതിൽ വൻ വീഴ്ച വന്നതായാണ് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നത്. ഇതേ തുടർന്നാണ് അടിയന്തരമായി തന്റെ വിശ്വസ്തനെ സാഹചര്യം വിലയിരുത്തുന്നതായി കെ.പി.സി.സി പ്രസിഡന്റ് കോട്ടയത്തേയ്ക്ക് അയച്ചത്. സംഘർഷമുണ്ടായി അഞ്ചു ദിവസം കഴിഞ്ഞിട്ടു പോലും യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് കൃത്യമായി ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നതിനോ, പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നതിനോ, പോസ്റ്റർ പ്രചാരണം പോലും നടത്തുന്നതിനോ സാധിച്ചിട്ടില്ല. ഇതിൽ കടുത്ത അസംതൃപ്തിയാണ് യുവജന പ്രവർത്തകർക്കുള്ളത്.

കോട്ടയം നഗരമധ്യത്തിൽ വച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെയും, കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിയുടെയും തല അടിച്ചു പൊട്ടിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം നൽകിയ പൊലീസ് വിട്ടയച്ചപ്പോഴാണ്, പ്രതിഷേധ പ്രകടനത്തിലുണ്ടായ സംഘർഷത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ വീടുകളിൽ കയറി അറസ്റ്റ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നിതിരിക്കെ യു.ഡി.എഫ് പിന്നോക്കം പോയതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്. യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് വിഷയത്തിൽ വൻ വീഴചയുണ്ടായിട്ടുണ്ടെന്ന വിമർശനമാണ് ഉയരുന്നത്.

Hot Topics

Related Articles