കോട്ടയത്ത് യൂത്ത് കോൺഗ്രസിൽ ഇടപെടലുമായി മൂത്ത കോൺഗ്രസ് നേതാവ്; ബ്ലോക്ക് പ്രസിഡന്റുമാർ സ്വന്തം ആളുകൾ വേണമെന്ന് നേതാവിന്റെ വാശി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്ജില്ലാ കമ്മിറ്റി ഭാരവാഹികൾ

കോട്ടയം: കോട്ടയത്ത് യൂത്ത് കോൺഗ്രസിൽ ഇടപെടലുമായി മൂത്ത കോൺഗ്രസ് നേതാവ്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഇദ്ദേഹത്തിന്റെ ഇടപെടലിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തി. ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റിനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനുള്ള ഇദ്ദേഹത്തിന്റെ നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് നിർദേശിക്കുന്നയാളെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കത്തിന് എതിരെ ജില്ലാ വൈസ് പ്രസിഡന്റുമാരായ അനീഷ തങ്കപ്പൻ, സനോജ് പനയ്ക്കൽ, സിംസൺ വേഷ്ണാൽ എന്നിവർ അഖിലേന്ത്യാ , സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരി ബ്ലോക്കിൽ വോട്ടെടുപ്പിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സഹകരണ ബാങ്കിലെ ജീവനക്കാരനായ ആളെയാണ് ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ജോലി ഭാരം ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റി. ബാങ്ക് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് ഇദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്. എന്നാൽ, ഇതിനു ശേഷം പുതിയ ആളെ നിയമിക്കുന്നതാണ് വിവാദമായി മാറിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിത്വത്തിലില്ലാത്ത കെഎസ് യു ജില്ലാ സെക്രട്ടറിയായിരുന്ന ആളെയാണ് ഇപ്പോൾ ഭാരവാഹിയാക്കാൻ നീക്കം നടക്കുന്നത്. കോട്ടയം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ നേതാവിന്റെ നിർദേശാനുസരണം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ജില്ലാ നേതൃത്വത്തിന്റെ താല്പര്യം പോലും പരിഗണിക്കാതെ ഇയാളെ ബ്ലോക്ക് പ്രസിഡന്റാക്കാൻ ഇടപെടൽ നടത്തുന്നത്. യൂത്ത് കോൺഗ്രസിന്റെ സംഘടനാ ചട്ടക്കൂട് പ്രകാരം ഓരോ തലത്തിലും കൂടുതൽ വോട്ട് നേടുന്നവർ പ്രസിഡന്റും തൊട്ടടുത്ത വോട്ട് നേടുന്നവർ വൈസ് പ്രസിഡന്റ് മുതൽ താഴോട്ടുള്ള സ്ഥാനങ്ങളിലും എത്തണം.

എന്നാൽ, ഈ മാനദണ്ഡം പാലിക്കാതെ യൂത്ത് കോൺഗ്രസിൽ ഒരു നേതാവ് നടത്തുന്ന ഇടപെടലാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇതിൽ കടുത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നേതാക്കളിൽ നിന്നും ഉയരുന്നത്.

Hot Topics

Related Articles