കോഴിക്കോട് -ബംഗളൂരു ദേശീയപാത 766 ലെ രാത്രികാല ഗതാഗത നിരോധനം നീട്ടുമോ? ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബുകളിലൊന്നായ ബംഗളൂരുവില്‍ ജോലി ചെയ്യുന്നതും ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ പഠിക്കുന്നതുമായ ആയിരക്കണക്കിന് മലയാളികളുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ് കര്‍ണാടകയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയാണ് ദേശീയപാത 766 കടന്നുപോകുന്നത്. കര്‍ണാടകയിലെ മൂലഹള്ള ചെക്ക്പോസ്റ്റിനു സമീപത്തായി കഴിഞ്ഞ ദിവസം രാത്രി ചരക്കു ലോറി ഇടിച്ച് കാട്ടാന ചെരിഞ്ഞതോടെയാണ് ഗതാഗത നിരോധന സമയം ദീര്‍ഘിപ്പിക്കാന്‍ കര്‍ണാടക വനപാലകര്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവില്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെയാണ് ഗതാഗത നിയന്ത്രണം. ഇത് വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയാക്കാനാണ് നീക്കം. നിലവില്‍ മൈസൂര്‍-ബാവലി റോഡില്‍ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ ഗതാഗത നിയന്ത്രണമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുവാ സങ്കേതത്തിലൂടെയുള്ള വാഹനങ്ങളുടെ സഞ്ചാരം വന്യജീവികള്‍ക്ക് ദോഷകരമാണെന്നു ചൂണ്ടിക്കാട്ടിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ണാടക വനംവകുപ്പ് രാത്രികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം കാട്ടാന ലോറിയിടിച്ച് ചെരിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ രാത്രി ഒമ്പതുവരെ വനത്തിലൂടെ വാഹനങ്ങള്‍ കടത്തവിടുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കര്‍ണാടക. നിലവിലുളള രാത്രികാല ഗതാഗത നിരോധനം നീക്കിക്കിട്ടാനായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. ദേശീയപാത 766 അടച്ചതിനു പകരമായി മൈസൂര്‍-ഗോണിക്കുപ്പ- കുട്ട-തോല്‍പ്പെട്ടി-മാനന്തവാടി ബദല്‍ പാതയുണ്ടെന്നാണ് കര്‍ണാടക വനംവകുപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 60 കിലോമീറ്ററോളം ദൂരക്കൂടുതലുണ്ട് ഈ പാതയ്ക്ക്.
ദേശീയപാത 766 ഉം രാത്രിയില്‍ പൂര്‍ണമായി അടച്ചാല്‍ കേരളത്തിന് കനത്ത തിരിച്ചടിയാകും. വിദ്യാഭ്യാസം, വ്യാപാരം, ജോലി ആവശ്യങ്ങള്‍ക്കായി കര്‍ണാടകയുമായി ബന്ധപ്പെടുന്നവര്‍ക്കാണ് ഇത് ഏറെ തിരിച്ചടിയാവുക. കര്‍ണാടകയില്‍ നിന്നാണ് മലബാറിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. പച്ചക്കറി വ്യാപാരത്തിനും ഗതാഗത നിരോധനം തിരിച്ചടിയാവും.