ഒളിമ്പിക്‌സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വയനാട് വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസില്‍ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്താനുള്ള വേദികള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. മറ്റു ജില്ലകളില്‍ കൂടി സൗകര്യം വര്‍ദ്ധിപ്പിച്ചാല്‍ എല്ലാ ജില്ലകളിലും കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പരിഗണനയിലുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാല്‍ സ്‌കൂള്‍ മൈതാനങ്ങളെ കവര്‍ന്നുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ ശരിയായ പ്രവണതയല്ല. കായികവും മാനസികവുമായ വളര്‍ച്ചയ്ക്ക് നിദാനമായ കളിമൈതാനങ്ങളെ നിലനിര്‍ത്തി വേണം കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്താന്‍. കായിക മേഖലയിലെ ഉണര്‍വ്വിനായി വിവിധ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സ്‌കൂള്‍തല കായികോത്സവങ്ങള്‍ വിപുലമായി നടത്തും. നീന്തല്‍ ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍ത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.