ആലപ്പുഴ: പുഞ്ചക്കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.പുഞ്ചക്കൃഷിക്ക് നെല്ല് നശിക്കുകയും ഭാഗികമായി മാത്രം നെല്ല് ലഭിക്കുകയും ചെയ്തവർക്കുള്ള ഇൻഷുറൻസ് ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയാണ് പല കർഷകർക്കായി ലഭിക്കാനുള്ളത്. വിത്ത് സൗജന്യമായി നൽകിയെന്നു പറയുമ്പോഴും ഒട്ടേറെ കർഷകർക്കാണ് വിത്തിന്റെ വില ലഭിക്കാത്തത്.
കർഷകർക്ക് ഇഷ്ടമുള്ള വിത്ത് ഇഷ്ടമുള്ള സ്ഥലത്തു നിന്നും വാങ്ങാം എന്നു വന്നതോടെ കർഷകർ നേരിട്ടു വാങ്ങിയ വിത്തിനാണ് ഇതുവരെ വില ലഭിക്കാത്തത്. വിത കഴിഞ്ഞ് 70 ദിവസം കഴിഞ്ഞു. കർഷകർ കൃഷിഭവനുകൾ കയറി ഇറങ്ങുകയാണ്. ഒരു കൃഷി സീസണിൽ രണ്ടു പ്രാവശ്യമാണ് കുമ്മായം കർഷകർക്ക് നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിതയുടെ തുടക്കത്തിലും വിതകഴിഞ്ഞ് 40 ദിവസം പിന്നിട്ട് പറിച്ചുനടീൽ സമയത്തും ഹെക്ടറിന് 250 കിലോ വീതം രണ്ടുപ്രാവശ്യം നൽകണം. എന്നാൽ വിതയ്ക്കു മുൻപുള്ള കുമ്മായ വിതരണം പോലും പൂർത്തിയാക്കിയിട്ടില്ല. രണ്ടാമത്തെ ഗഡു നൽകിയിട്ടില്ല. രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ച് 3 മാസം പിന്നിട്ടിട്ടും കൈകാര്യ ചെലവ് ഇതുവരെയും കൊടുത്തിട്ടില്ല.
മുൻകാലങ്ങളിൽ മില്ലുടമകൾ നെല്ല് സംഭരിച്ച് പിആർഎസ് എഴുതി നൽകുമ്പോൾ ക്വിന്റലിന് 12രൂപ പ്രകാരം കർഷകർക്ക് നേരിട്ട് നൽകുകയായിരുന്നു. കഴിഞ്ഞ പുഞ്ചക്കൃഷി മുതൽ മില്ലുകാർ നൽകിയിരുന്നത് അവരെ ഒഴിവാക്കി സപ്ലൈകോ നേരിട്ട് നൽകാൻ തീരുമാനിക്കുകയും ആ വർഷം കർഷകർക്ക് നെല്ലിന്റെ വിലയ്ക്കൊപ്പം നൽകുകയും ചെയ്തു.
എന്നാൽ രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ച് വില നൽകിയെങ്കിലും കൈകാര്യച്ചെലവ് ഇതുവരെ കൊടുത്തിട്ടില്ല. ഇത്തരത്തിൽ ഒട്ടേറെആനുകൂല്യങ്ങളാണ് കർഷകർക്ക് ലഭിക്കാനുള്ളത്.