കൊച്ചി: ഗാനഗന്ധർവ്വൻ യേശുദാസിന്റെ പിറന്നാളിനോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ ദാസേട്ടൻ അറ്റ് 83 എന്ന പരിപാടിയിൽ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. പരിപാടിയിൽ പങ്കെടുത്ത കളക്ടർ രേണുരാജിനോടായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. എറണാകുളം കളക്ടറായ രേണുരാജിനെ സിനിമാ നടിയായി തെറ്റിദ്ധരിച്ചുവെന്നും പിന്നീടാണ് കളക്ടറാണെന്ന് തിരിച്ചറിഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു. കൂടാതെ കളക്ടർ മലയാളിയാണെന്ന് അറിയില്ലായിരുന്നുവെന്നും വളരെ മനോഹരമായാണ് അവർ മലയാളത്തിൽ സംസാരിച്ചതെന്നും മമ്മൂട്ടി പ്രതികരിച്ചു.
‘കളക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ്. വളരെ മനോഹരമായാണ് സംസാരിച്ചത്. ഇങ്ങനെ ഒരാൾ കളക്ടറായി വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽക്കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ചോദിക്കുകയായിരുന്നു. മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കളക്ടർ ആണെന്ന് അറിയുന്നത്, സോറി കേട്ടോ..’ ഇതായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവർ ചേർന്നായിരുന്നു കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ചത്. നിരവധി സിനിമാ താരങ്ങളും ചടങ്ങിന്റെ ഭാഗമായിരുന്നു.