കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയതിനെ തുടർന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചിലാണു കേസ് വരുന്നത്.
Advertisements
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്ന കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിനെ തുടർന്ന് 2019ൽ എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിലേക്കു മാറ്റിയിരുന്നു. എന്നാൽ, ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവിനെ തുടർന്ന് കേസ് ഇപ്പോൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതു നിയമപരമല്ലെന്നാണു പരാതി.