എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പ്രതിഷേധം; ‘രാത്രി 12ന് മുമ്പ് ദുബായിൽ എത്തണം, ഇല്ലെങ്കിൽ ജീവിതം പാഴാകും’; ദുരിതം വിവരിച്ച് യാത്രക്കാർ

തിരുവനന്തപുരം: എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പ്രതിഷേധത്തില്‍ വലഞ്ഞ് യാത്രക്കാർ. മുന്നറിയിപ്പില്ലാതെ സർവീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. വരും ദിവസങ്ങളിലും വിമാന സർവീസുകള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് എയർഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ. അലോക് സിങ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മൂന്ന് സർവീസുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. നിരവധി യാത്രക്കാരാണ് അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിലെത്തി മടങ്ങി പോകുന്നത്. ബുധനാഴ്ചയും ഒമ്പത് സർവീസുകള്‍ ഇവിടെനിന്നും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിച്ച്‌ പ്രതിസന്ധി പരിഹരിക്കാൻ ഇതുവരെ എയർഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിന് സാധിച്ചിട്ടില്ല.

ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുള്‍പ്പെടെയുള്ള പ്രവാസികളാണ് ഏറെ വലഞ്ഞത്. മറ്റ് കമ്പനികളുടെ സർവീസുകളില്‍ പലതിലും സീറ്റുകള്‍ ലഭ്യമല്ലെന്നാണ് ഇവർ പറയുന്നത്. ‘ബുധനാഴ്ച എയർഇന്ത്യ എക്സ്പ്രസ് അധികൃതർ തന്നെയാണ് ഇന്ന് വരാൻ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ വന്നാല്‍ പോകാമെന്ന് പറഞ്ഞു. എന്നാല്‍, വിമാനം റദ്ദാക്കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. വ്യാഴാഴ്ച രാത്രി 12-നെങ്കിലും ദുബായില്‍ എത്തിയേ തീരൂ. ഇല്ലെങ്കില്‍, എന്റെ വിസാകാലാവധി കഴിയും. എന്റെ ജീവിതം പാഴാകും. അർബാബുമായി സംസാരിച്ച്‌ വിസാകാലാവധി തീരുന്ന തീയതി മാറ്റിക്കിട്ടുമെന്നാണ് അവർ പറയുന്നത്. 18,500 രൂപയുടെ ടിക്കറ്റായിരുന്നു’, ദുബായിലേക്ക് പോകാനിരുന്ന യാത്രക്കാരൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവനക്കാരുടെ കൂട്ട അവധിയെത്തുടർന്ന് വ്യാഴാഴ്ച 75-ഓളം വിമാന സർവീസുകള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു. ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. നൂറിലധികം വിമാന സർവീസുകളാണ് ചൊവ്വാഴ്ച റദ്ദാക്കേണ്ടിവന്നത്. 15,000-ത്തോളം യാത്രക്കാരെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. എയർ ഇന്ത്യാ എക്സ്പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്ബനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ഇവർക്ക് എതിർപ്പുണ്ട്.

Hot Topics

Related Articles