ആലപ്പുഴ ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള കടമുറി പൊളിക്കുന്നതിനിടെ ആക്രമണം: ഭരണസമിതി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മകനും പിടിയിൽ 

ആലപ്പുഴ: പ്രയാർ ഇടയനമ്പലം കാവില്‍ പനയ്ക്കല്‍ ശ്രീഘണ്ഠകർണ്ണ സ്വാമി ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഖിലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പിതാവും മകനും പോലീസിന്‍റെ പിടിയില്‍. ദേവികുളങ്ങര പഞ്ചായത്ത് ആറാം വാർഡില്‍ പുത്തൻ തറയില്‍ വീട്ടില്‍ ഹമീദ് കുഞ്ഞ് (72), മകൻ നിസാമുദീൻ (44) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച്‌ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രവക പുതിയ കടമുറികളുടെ പരിസരം ജെസിബി ഉപയോഗിച്ച്‌ നിരത്തുന്നത് നോക്കിനില്‍ക്കുകയായിരുന്ന അഖിലിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. നിസാമുദീൻ തടിക്കഷണം കൊണ്ട് അടിക്കുകയും ഹമീദ് കുഞ്ഞ് വെട്ടുകത്തി ഉപയോഗിച്ച്‌ തലയുടെ പിന്നില്‍ വെട്ടി മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്.

Advertisements

ഹമീദ് കുഞ്ഞ് നടത്തിവന്ന കടമുറി പുതുക്കിപ്പണിയുന്നത് പഞ്ചായത്ത് അധികൃതർ തടഞ്ഞതിന് പിന്നില്‍ അഖിലാണെന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ചക്കുവള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്‌ഐ പ്രേംജിത്ത് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Hot Topics

Related Articles