ആലപ്പുഴ :
ചെന്നിത്തല പള്ളിയോടം തിരുവാറന്മുളയപ്പന്റെ സന്നിധിയിലേക്ക് തിരുമുൽക്കാഴ്ചയുമായി ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ നിന്നും ഇന്ന് യാത്ര പുറപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളുടെ നിറവിൽ അച്ചൻകോവിലാറ്റിൽ നിന്നും തിരുവാറന്മുളയിലേക്ക് തുഴഞ്ഞെത്തുന്ന ഏക പള്ളിയോടമായ ചെന്നിത്തല പള്ളിയോടം, ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അച്ചൻകോവിൽ, കുട്ടമ്പരൂർ, പമ്പ എന്നീ മൂന്ന് നദികളിലൂടെ ഒന്നരദിവസം സഞ്ചരിച്ചാണ് ചെന്നിത്തല പള്ളിയോടം ആറന്മുളയിലെത്തുന്നത്.
വിവിധ ക്ഷേത്രങ്ങളിൽ വഞ്ചിപ്പാട്ട് പാടി ദർശനം നടത്തി വഴിപാടുകൾ കഴിച്ചശേഷമാണ് പൂരുരുട്ടാതി നാളില്‍ ഇന്ന് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെട്ടത് . യാത്രാമദ്ധ്യേ പള്ളിയോടം ദർശിക്കാനും വഴിപാടുകൾ സമർപ്പിക്കുന്നതിനും നൂറുകണക്കിന് ഭക്തരാണ് കാത്തുനിൽക്കുന്നത്. ചെന്നിത്തലക്കാരുടെ തിരുവോണം പള്ളിയോടം യാത്ര പുറപ്പെടുന്ന ദിവസമായ ഇന്നാണ്. ആചാരപരമായ മൂന്ന് വെടി മുഴക്കത്തോടെയാണ് പള്ളിയോടത്തിന്റെ പുറപ്പാട്. രാവിലെ 8 മണിക്ക് ആദ്യത്തെ വെടിമുഴക്കത്തോടെ പള്ളിയോടത്തിൽ കർപ്പൂരാരാധന നടത്തി. 8.30ന് രണ്ടാമത്തെ വെടിമുഴക്കത്തോടെ തിരുവാറന്മുള ദർശനത്തിന് ഭക്തജനങ്ങൾ പള്ളിയോടത്തിൽ കയറി അച്ചൻ കോവിലാറ്റിൽ പ്രദക്ഷിണം വെച്ചു.
തിരിച്ചു കടവിലെത്തി കൃത്യം 10 മണിക്ക് മൂന്നാമത്തെ വെടിമുഴക്കത്തോടെ വായ്ക്കുരവ, നാമജപം, വഞ്ചിപ്പാട്ട് എന്നിവയിൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങളുടെ ആശീർവാദവും സ്വീകരിച്ച ശേഷം ദേവപ്രശ്നവിധിപ്രകാരം ഉതൃട്ടാതി നാളിൽ തിരുവാറന്മുളയപ്പന് സമർപ്പിക്കുന്നതിനായി കരയോഗത്തിന്റെ വഴിപാടായ അവൽ, കദളിക്കുല, ധനക്കിഴി, താംബൂലം എന്നിവ പ്രത്യേകമായി ഭക്തിപുരസരം പള്ളിയോടത്തിലെത്തിച്ച് പള്ളിയോടം തിരുവാറന്മുള യാത്ര പുറപ്പെട്ടത്.