അറ്റ്ലാൻഡാ : റഫറിയും ഫിഫയും അർജന്റീനയ്ക്ക് വേണ്ടി കളിക്കുന്നു…റഫറി അർജന്റീനയുടെ പന്ത്രണ്ടാമൻ…2026 ഫിഫ ലോകകപ്പില്‍ അർജന്റീനക്കെതിരെ ആരാധകരും മാധ്യമങ്ങളും മാത്രമല്ല, എതിർ ടീമിന്റെ കോച്ചും കളിക്കാരും വരെ ഇങ്ങനെ ആരോപണം ഉന്നയിച്ചു. ഇംഗ്ലണ്ടിനെതിരായ അർജന്റീനയുടെ മറ്റൊരു ഐതിഹാസിക ജയത്തിന് പിന്നാലെ ഈ വിമർശകർക്ക് മറുപടി നല്‍കുകയാണ് ഇതിഹാസ താരം ലയണല്‍ മെസി. “ആർക്കൊക്കെ വിഷമമുണ്ടായാലും ആരെന്തൊക്കെ പറഞ്ഞാലും ആരും ഞങ്ങള്‍ക്ക് ഒന്നും വെറുതെ തരുന്നില്ലെന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി മൈതാനത്ത് തെളിയിച്ചിരിക്കുന്നു,” എൻസോയേയും ലൗതാരോ മാർട്ടിനസിനേയും കൊണ്ട് ഗോളടിപ്പിച്ചതിന് പിന്നാലെ മെസി പറഞ്ഞു.
മത്സരത്തിന് ശേഷം ടിവൈസി സ്പോർട്സിനോട് സംസാരിക്കുമ്പോഴാണ് മെസി വിമർശകർക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയത്. “നിരവധി വിമർശനങ്ങളും സംശയങ്ങളും നേരിട്ടാണ് ഞങ്ങള്‍ ഈ ടൂർണമെന്റിലേക്ക് വന്നത്. എന്നാല്‍ ഈ ടീം എപ്പോഴും വിട്ടുകൊടുക്കാതെ പോരാടുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞങ്ങള്‍ അവസാന നാലില്‍ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ദൈവത്തിന് നന്ദി, ഇപ്പോള്‍ ഞങ്ങള്‍ ഫൈനലില്‍ എത്തിനില്‍ക്കുന്നു,” മെസി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഇംഗ്ലണ്ടിനെതിരെ ഞങ്ങള്‍ തോറ്റിരുന്നെങ്കില്‍ ആളുകള്‍ ഞങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിഡ്ഢിത്തങ്ങള്‍ സംസാരിക്കുമായിരുന്നു. എന്നാല്‍ അതിനുള്ള അവസരം ഞങ്ങള്‍ അവർക്ക് നല്‍കിയില്ല. ഈ മത്സരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് വിജയിക്കാനും അടുത്ത ഘട്ടത്തിലേക്ക് കടക്കാനും സാധിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്.”
രണ്ടാം പകുതിയുടെ തുടക്കത്തില്‍ വല കുലുക്കി ഇംഗ്ലണ്ട് ഫൈനല്‍ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് വിജയം കാത്തുനിന്ന 85-ാം മിനിറ്റില്‍, മെസി ഒരു ഷോർട്ട് കോർണർ എടുത്ത ശേഷം പന്ത് തിരികെ വാങ്ങി. ഇംഗ്ലീഷ് ബോക്സിന് പുറത്തുണ്ടായിരുന്ന എൻസോ ഫെർണാണ്ടസിനെ കണ്ട് മെസി പന്ത് എൻസോയിലേക്ക് നല്‍കി. അർജന്റീനയുടെ മിഡ് ഫീല്‍ഡറുടെ മനോഹരമായ ഒരു ലോങ്റേഞ്ചർ ഇംഗ്ലീഷ് ഗോള്‍കീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് വലയില്‍ ചെന്നു തറച്ചതോടെ കളി സമനിലയിലായി.
തുടർന്ന് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മെസി ബോക്സിലേക്ക് ഉയർത്തി നല്‍കിയ പന്തിലേക്ക് ഏറ്റവും ഉയരത്തില്‍ ചാടിയ ലൗട്ടാരോ മാർട്ടീനസ്, ഇംഗ്ലീഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഹെഡ്ഡറിലൂടെ വിജയഗോള്‍ നേടി, ടൂർണമെന്റിലെ അർജന്റീനയുടെ മറ്റൊരു നാടകീയ ജയം.


