അർജുനായി നെഞ്ചിടിപ്പോടെ നാട്; ദൗത്യം നിർണായക ഘട്ടത്തിൽ; ഐബോഡ് പരിശോധന തുടങ്ങി

ബംഗളൂരു: ഗംഗാവലി നദിയില്‍ പുതഞ്ഞ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ഐബോഡ് പരിശോധന തുടങ്ങി. നദിയോട് ചേർന്ന് ഡ്രോണ്‍ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും.

Advertisements

അര്‍ജുന്‍റെ ട്രക്ക് കണ്ടെത്താന്‍ പുഴയില്‍ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീല്‍ ഹുക്കുകള്‍ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. അതേസമയം, ട്രക്കിന്‍റെ കൃത്യമായ പൊസിഷൻ നിർണയിക്കാൻ വേണ്ടിയുള്ള ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. ഡ്രോണ്‍ പരിശോധനയിലൂടെ ട്രക്കിന്റെ കൃത്യമായ പൊസിഷൻ ലഭിക്കാന്‍ രണ്ട് മണിക്കൂറോളം വേണ്ടി വരും. എന്നാല്‍ ട്രക്കില്‍ മനുഷ്യസാന്നിധ്യമുണ്ടോ എന്ന് ഐബോഡിന് കണ്ടെത്താൻ കഴിഞ്ഞേക്കില്ല. ഇനി എന്ത് എന്നതില്‍ തീരുമാനമെടുക്കാന്‍ ദൗത്യസംഘം യോഗം ചേരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാവികസേനയുടെ 15 മുങ്ങല്‍ വിദഗ്ധർമാരാണ് ഷിരൂരില്‍ ഉള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടില്‍ തെരച്ചിലിനിറങ്ങിയിരുന്നു. പ്രത്യേക വൈദഗ്ധ്യം കിട്ടിയ ഒരാള്‍ കയർ കെട്ടി, ഓക്സിജൻ സഹായത്തോടെ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ശക്തമായ അടിയൊഴുക്ക് കാരണം പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിയുന്നില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.‌ അതേസമയം, നദിക്കരയില്‍ രണ്ട് ബൂം എക്സകവേറ്ററുകള്‍ ഉപയോഗിച്ച്‌ മണ്ണ് നീക്കം ഇപ്പോഴും പുരോഗമിക്കുകയാണ്. അടിയൊഴുക്ക് മറികടക്കാന്‍ താത്കാലിക തടയണ നിര്‍മ്മിക്കാനുള്ള സാധ്യതയും ദൗത്യസംഘം സജീവമായി പരിഗണിക്കുന്നുണ്ട്.

Hot Topics

Related Articles