ദുബായ് : ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ പുറത്തായ ശേഷം സ്റ്റംപ് അടിച്ച് തകര്‍ക്കുകയും മത്സരം കഴിഞ്ഞ് അംപയര്‍മാര്‍ക്കെതിരെ തുറന്നടിക്കുകയും ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. അതിരൂക്ഷമായ വാക്കുകള്‍ കൊണ്ടാണ് മുന്‍ താരം മദന്‍ ലാല്‍ നേരിട്ടത്. ഹര്‍മനെതിരെ ബിസിസിഐ കടുത്ത നടപടി സ്വീകരിക്കണം എന്ന് അദേഹം ആവശ്യപ്പെട്ടു.
ഹര്‍മന്‍പ്രീത് കൗറിന്റെ പെരുമാറ്റം മോശമായി എന്നും താരം ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ മുന്‍ താരം അഞ്ജും ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. താരത്തിന് പിഴയുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ലെവല്‍ വണ്‍ കുറ്റം ചെയ്ത ഹര്‍മന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും നാല് ഡീമെറിറ്റ് പോയിന്റ് വിധിക്കുകയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനവും മത്സര ശേഷം അംപയര്‍ക്കെതിരെ നടത്തിയ വിമര്‍ശനത്തിന് 25 ശതമാനം പിഴയുമാണ് ലഭിക്കുക. ഓണ്‍ഫീല്‍ഡിലെ മോശം പെരുമാറ്റത്തിനാണ് നാലില്‍ മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍. താരത്തിന് രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏഷ്യന്‍ ഗെയിംസിലെ രണ്ട് നോക്കൗട്ട് മത്സരങ്ങളാണ് ഹര്‍മന്‍പ്രീതിന് നഷ്ടമാവുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല.
ധാക്കയില്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റമാണ് ഹര്‍മന്‍പ്രീത് കൗറിനെ വിവാദത്തിലാക്കിയത്. സ്പിന്നര്‍ നഹിദ അക്തറിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത് ഹര്‍മന് വിശ്വസനിക്കാനായില്ല. ഉടനടി സ്റ്റംപ് തട്ടിത്തെറിപ്പിച്ച് തന്റെ പ്രതിഷേധം അറിയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡ്രസിംഗ് റൂമിലേക്ക് പോകുംവഴി അംപയര്‍ തന്‍വീര്‍ അഹമ്മദുമായി തര്‍ക്കിച്ചു. മത്സരം സമനിലയില്‍ അവസാനിച്ച് പരമ്പര 1-1ന് ഇരു ടീമുകളും പങ്കിട്ടെടുത്തപ്പോള്‍ സമ്മാനദാനവേളയിലും ഹര്‍മന് ദേഷ്യം നിയന്ത്രിക്കാനായില്ല. ‘അംപയറിംഗ് പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം’ എന്നൊക്കെയായിരുന്നു ഈസമയം ഹര്‍മന്റെ പ്രതികരണം.
ഇതിലും അവസാനിച്ചില്ല ഹര്‍മന്‍പ്രീത് കൗറിന്റെ രോക്ഷം. പരമ്പരയുടെ ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹര്‍മന്‍പ്രീത് ദേഷ്യം പ്രകടിപ്പിച്ചു. ‘ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അംപയര്‍മാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങള്‍ക്ക് ട്രോഫി നേടിത്തരാന്‍ സഹായിച്ചത്’ എന്നായിരുന്നു ബംഗ്ലാ വനിതാ ടീമിനെ ചൂണ്ടി ഹര്‍മന്റെ പ്രതികരണം. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നില്‍ക്കാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ട് വിടുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഈ സംഭവങ്ങളിലെല്ലാം ഹര്‍മനെതിരെ കടുത്ത നടപടി ഐസിസി സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.